കൊച്ചി: ടി.പി.വധക്കേസിൽ കുറ്റവാളികളുടെ ശിക്ഷ ഉയര്ത്തണമെന്ന പ്രോസിക്യൂഷന്റെ ഹര്ജിയില് വാദം കേള്ക്കേ, വധശിക്ഷ നല്കാനിരിക്കാന് എന്തെങ്കിലും കാരണമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. വധശിക്ഷ ഒഴിവാക്കാന് ഹൈക്കോടതിയോട് യാചിച്ച് പ്രതികൾ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ ഇങ്ങനെ.
പ്രതികളില് ഓരോരുത്തരെയായി വിളിച്ച് കോടതി ഇക്കാര്യം ആരാഞ്ഞു. താന് നിരപരാധി ആണെന്നായിരുന്നു ഒന്നാം പ്രതി എം.സി.അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില് മറ്റാരും ഇല്ലെന്നും ഇയാള് ആവശ്യപ്പെട്ടു.
നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്മാണി മനോജും കോടതിയില് പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്ധിപ്പിക്കരുതെന്നും ഇയാള് ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി അഭ്യര്ഥിച്ചു.
തനിക്ക് 78 വയസുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും കേസില് പുതുതായി പ്രതി ചേര്ക്കപ്പെട്ട കെ.കെ.കൃഷ്ണന് കോടതിയില് പറഞ്ഞു. തന്റെ സഹോദരന് മറ്റൊരു രാഷട്രീയ കൊലപാതക കേസില് മരിച്ച് പോയതിനാല് ആ കുടുംബവും തന്റെ സംരക്ഷണയിലാണെന്നും ഇയാള് അറിയിച്ചു.
ശിക്ഷാവിധിക്ക് ശേഷം താന് ജയിലില് നല്ല നടപ്പാണെന്നായിരുന്നു കെ.സി.രാമചന്ദ്രന് കോടതിയില് പറഞ്ഞത്. പരോളില് പുറത്തിറങ്ങി ഒരു വൃദ്ധസദനത്തിന്റെ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നുണ്ടെന്നും ഇയാള് കോടതിയില് പറഞ്ഞു. ഓണ്ലൈന് പ്ലാറ്റ്ഫോമിലൂടെ കോടതി നടപടികളില് പങ്കാളിയായ പ്രതി ജ്യോതിബാബുവും ആരോഗ്യപ്രശ്നങ്ങള് കോടതിയില് അറിയിച്ചു.
കുറ്റവാളികളുടെ ശിക്ഷ ഉയര്ത്തണമെന്ന പ്രോസിക്യൂഷന്റെ ഹര്ജിയില് ചൊവ്വാഴ്ച വാദം തുടരും. ചൊവ്വാഴ്ച 10:15ന് പ്രതികളെ വീണ്ടും ഹാജരാക്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.