കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വിലങ്ങില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത സംഭവത്തിൽ വീണ്ടും ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍.
സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ആര്‍എംപിഐ നേതാക്കള്‍ അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. എന്തായാലും പൊതുസമൂഹത്തിനു മുന്നില്‍ വിഷയം കൊണ്ടുവരുമെന്നും നേതാക്കള്‍ അറിയിച്ചു.
ടി.പി. കേസിലെ മുഖ്യപ്രതി കൊടി സുനി, മറ്റൊരു പ്രതിയായ എം.സി. അനൂപ് എന്നിവര്‍ ട്രെയിനില്‍ വിലങ്ങില്ലാതെ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ ടി.പിയുടെ ഭാര്യയും എംഎല്‍എയുമായ കെ. കെ. രമയാണ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
പ്രതികൾക്ക് സർക്കാർ വിഐപി പരിഗണനയാണ് നൽകിയതെന്നും ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പാണ് ഇവിടെയുള്ളതെന്നും കെ.കെ. രമ ഫേസ്്ബുക്കിൽ കുറിച്ചു.
വിയ്യൂരിൽനിന്ന് കണ്ണൂരിലേക്കാണ് പ്രതികൾ യാത്ര ചെയ്തത്. പ്രതികൾക്കു പരിഗണന നൽകുന്നതിനെതിരേ രമ നേരത്തെയും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.