വടകര: ഒഞ്ചിയത്ത് ടിപി സ്മാരകത്തിനു നേരെ വീണ്ടും അക്രമം. ആർഎംപിഐ ഒഞ്ചിയം ബാങ്ക് ഏരിയ ബ്രാഞ്ച് ഓഫീസായ ടി.പി. സ്മാരകത്തിനു മീതെ കരി ഓയിൽ ഒഴിക്കുകയും ടി.പി.യുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒഞ്ചിയം മേഖലയിൽ വ്യാപകമായി അക്രമം നടത്താനുള്ള സിപിഎം ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ആർഎംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
ഇടതുമുന്നണി ഗവണ്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം രണ്ടാം തവണയാണ് ഈ ഓഫീസിനു നേരെ അക്രമം നടക്കുന്നത്. പാർട്ടി പ്രവർത്തകർക്കും വാഹനങ്ങൾക്കും സ്തൂപങ്ങൾക്കും നേരേ വ്യാപകമായ അക്രമമുണ്ടായിട്ടും പോലീസിന്റെ നിഷ്ക്രിയത്വമാണ് തുടർച്ചയായ അക്രമങ്ങൾക്കു കാരണമെന്ന് ആർഎംപിഐ കുറ്റപ്പെടുത്തി.
നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർത്തി അഴിഞ്ഞാടുന്ന ക്രിമിനൽ സംഘത്തെ ജനാധിപത്യ വിശ്വാസികളെ മുഴുവൻ യോജിപ്പിച്ച് പ്രതിരോധിക്കുമെന്ന് ആർഎംപിഐ പ്രസ്താവനയിൽ അറിയിച്ചു.