വടകര: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കെ.സി.രാമചന്ദ്രന്റെ മരുമകൾക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിയമനം നൽകിയത് വിവാദമായി. ഇത് ടി.പി.യെ കൊന്നതിനുള്ള പ്രത്യുപകാരമാണെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ടി.പി.വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും രാമചന്ദ്രൻ മാത്രമാണ് ഉത്തരവാദിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയ പാർട്ടി ഇദ്ദേഹത്തിന്റെ ബന്ധുവിനു ജോലി നൽകിയത് കൊലയുമായി പാർട്ടി നേതൃത്വത്തിനുള്ള ദൃഢമായ ബന്ധമാണ് സൂചിപ്പിക്കുന്നതെന്ന് വേണു ആരോപിച്ചു. രാമചന്ദ്രന്റെ മകന്റെ ഭാര്യക്കാണ് വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ റേഷൻ മൊത്ത വിതരണ കേന്ദ്രത്തിൽ നിയമനം നൽകിയത്.
പ്യൂണ് തസ്തികയിൽ നിയമനം ലഭിച്ച യുവതി കഴിഞ്ഞ ശനിയാഴ്ച ജോലിയിൽ പ്രവേശിച്ചു. ടി.പി.യുടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്പോൾ തന്നെയാണ് പ്രതിയുടെ ബന്ധുവിനു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ജോലി നൽകിയിരിക്കുന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനാണ് ബാങ്കിന്റെ പ്രസിഡന്റ്.
ടി.പി വധ ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുക്കുകയും കൊലയാളി സംഘത്തിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് രാമചന്ദ്രനാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രനെ കേസിൽ ശിക്ഷിച്ചതോടെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.
രാമചന്ദ്രന്റെ വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പാർട്ടി നേതൃത്വം നൽകിയ വിശദീകരണം. അതേസമയം ടി.പി വധത്തിന്റെ ഉത്തരവാദിത്വം രാമചന്ദ്രന്റെ തലയിൽ കെട്ടിവെച്ചതിലെ പ്രതിഷേധം തണുപ്പിക്കാനാണ് ആ കുടുംബത്തിൽപെട്ടയാൾക്കു ജോലി നൽകിയതെന്നാണ് പറയുന്നത്.
പുറത്താക്കിയ പ്രതിക്ക് ജയിലിൽ സുഖചികിത്സയും ഇഷ്ടാനുസരണം പരോളും കുടുംബത്തിനു നൽകിക്കൊണ്ടിരിക്കുന്ന സംരക്ഷണവും ഇതിനകം തന്നെ പൊതുസമൂഹത്തിനു ബോധ്യപ്പെട്ടതാണ്. കൊടി സുനി ഉൾപെടെ മറ്റുപ്രതികൾ ജയിലിൽ നടത്തുന്ന ക്വട്ടേഷനും സ്വർണക്കള്ളക്കടത്തു ബന്ധവും മൊബൈൽ ഫോണ് ഇടപാടും പ്രതികളുടെ കല്യാണനടത്തിപ്പുമെല്ലാം ടി.പി.വധത്തിലെ പ്രതികളും സിപിഎം നേതൃത്വവും തമ്മിലുള്ള ബന്ധത്തിന്റെ കൃത്യമായ തെളിവുകളാണ്. ഇനിയെങ്കിലും ടി.പി.വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സിപിഎം നേതൃത്വം തയാറാകണമെന്ന് വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.