വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടി.പി.ചന്ദ്രശേഖരൻ അനുകൂല പ്രസംഗം നടത്തിയതോടെ ഒഞ്ചിയത്തെങ്ങും ഒരു ചോദ്യം അലയടിക്കുന്നു. ടിപിയെ എന്തിന് കൊന്നു എന്ന ചോദ്യം.ടിപിയെ വാഴ്ത്തിയുള്ള കോടിയേരിയുടെ പ്രസംഗം സിപിഎമ്മിന്റെ പരിഹാസ്യത വെളിപ്പെടുന്നതാണെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പടനയിച്ച് 2008ൽ പുറത്തുപോയ ചന്ദ്രശേഖരനെ കൊന്നുതള്ളിയവർ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന നിലപാട് സ്വീകരിച്ചത് എങ്ങും ചർച്ചയായിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ ആർഎംപിഐ നേതാവായിരുന്ന ചന്ദ്രശേഖരനെ വാഴ്ത്തി സംസാരിച്ചത്. ചന്ദ്രശേഖരൻ സിപിഎം നശിച്ചുകാണാൻ ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്നാണ് കോടിയേരിയുടെ പ്രതികരണം.
ചന്ദ്രശേഖരൻ സിപിഎം വിരുദ്ധനായിരുന്നില്ലെന്നും പാർട്ടിയോട് അടുക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ ആർഎംപിഐയുടെ ഇപ്പോഴത്തെ നേതൃത്വം യുഡിഎഫുമായി അടുക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം. ആർഎംപിഐ നേതാക്കളെ മാറ്റി നിർത്തി അണികളെ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ വേണ്ടി പ്രസംഗിച്ച കോടിയേരി ചന്ദ്രശേഖരനെ വാഴ്ത്തുന്പോൾ യഥാർഥ വസ്തുത മറച്ചുവെക്കുകയായിരുന്നുവെന്നാണ് വിമർശനം.
ചന്ദ്രശേഖരൻ നല്ലവനായിരുന്നെങ്കിൽ എന്തിന് അദ്ദേഹത്തെ കൊന്നുവെന്ന ചോദ്യം ഒഞ്ചിയത്തെങ്ങും അലയടിക്കുകയാണ്. എത്ര ക്രൂരമാണ് സിപിഎം നിലപാടെന്നാണ് നാട്ടിലെങ്ങും ഉയരുന്നത്. ഈ ചോദ്യത്തിന് ഉത്തരമെന്തെന്നാണ് ഏവർക്കും അറിയേണ്ടത്.യഥാർഥത്തിൽ 2008 ൽ ആർഎംപി രൂപീകരിച്ചത് മുതൽ ചന്ദ്രശേഖരൻ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു.
അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അതുകൊണ്ടുതന്നെയാണ് ടിപിയെ കുലംകുത്തിയെന്ന് വിളിച്ചത്. വലതുപക്ഷ കോടാലി, തുരപ്പൻ എന്നിങ്ങനെ മോശം പ്രയോഗങ്ങൾ ചന്ദ്രശേഖരനു മേൽ ചാർത്തി. എങ്കിലും ധീരമായ പ്രവർത്തനം കാഴ്ചവെച്ചതിന്റെ ഫലമായി ചരിത്രത്തിൽ ആദ്യമായി ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടപ്പെട്ടു. ഇത് ഉൾക്കൊള്ളാൻ പാർട്ടിക്കായില്ല. ഇതിന്റെ തുടർച്ചയായാണ് ചന്ദ്രശേഖരനെ തുണ്ടംതുണ്ടമായി വെട്ടിവീഴ്ത്തിയത്.
ആർഎംപിഐ രൂപീകരിച്ച നാൾ മുതൽ ഇക്കാലംവരെ നിരന്തരം കൊടിയ അക്രമങ്ങളാണ് സിപിഎമ്മിൽ നിന്നു നേരിടുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം 11 ന് തീവെപ്പും കൊള്ളയും അരങ്ങേറി. സിപിഎം അക്രമത്തിനെതിരെ ഡൽഹിയിൽ സമരം സംഘടിപ്പിച്ചതിനു പുറമെ വിഷയം നിയമസഭയിലും ചർച്ചയായി. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയപ്പോഴാണ് രാഷ്ട്രീയ വിശദീകരണത്തിനെത്തിയ കോടിയേരി ആർഎംപിഐ അണികളെ ചാക്കിടാൻ പുതിയ നന്പർ ഇറക്കിയത്.
ടിപിയെ വാഴ്ത്തുന്പോൾ അദ്ദേഹത്തെ മറ്റാരോ ആണ് കൊന്നതെന്ന തോന്നൽ കൂടി പ്രചരിപ്പിക്കുക എന്നതും ലക്ഷ്യമാവാം. ഇതൊക്കെ ഒഞ്ചിയത്ത് ചൂടുപിടിച്ച ചർച്ചയിലേക്കു നയിക്കുകയാണ്.ചന്ദ്രശേഖരന വാഴ്ത്തിയുള്ള കോടിയേരിയുടെ പ്രസംഗം നാട്ടിലെ സിപിഎം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും സംസാരമുണ്ട്. ചന്ദ്രശേഖരനെ ഇകഴ്ത്തി പ്രസംഗിക്കുകയും മോശക്കാരനെന്നു പറഞ്ഞു നടക്കുകയും ചെയ്തവർ കോടിയേരിയുടെ പ്രസംഗത്തിൽ നിരാശരാണ്.