തിരുവനന്തപുരം: എൻസിപി ഇടതുമുന്നണി വിടുന്ന പ്രശ്നമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ . ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ അഭിപ്രായവും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാലായിൽ എൻസിപി തന്നെ മത്സരിക്കണമെന്നത് പാർട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് എൽഡിഎഫ് തരില്ലെന്ന് പറഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കുന്ന കക്ഷികൾക്ക് തന്നെ അതാത് സീറ്റുകൾ നൽകുന്നതാണ് എൽഡിഎഫിന്റെ കീഴ്വഴക്കം.
സീറ്റ് മാറ്റം സംബന്ധിച്ച് എൽഡിഎഫിൽ സീറ്റ് ചർച്ച വന്നാൽ വിഷയം ഉന്നയിക്കും. എൻസിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.