ഹർത്താൽ വടകര: ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരിയിലും പരിസരത്തും ഉയർത്തിയ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. ഇതിൽ പ്രതിഷേധിച്ച് ആർഎംപിഐ ഓർക്കാട്ടേരിയിൽ ഇന്നു ഹർത്താൽ ആചരിക്കുകയാണ്.
വെള്ളികുളങ്ങര മുതൽ ഓർക്കാട്ടേരി വരെ ടെലിഫോണ്‍-ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളാണ് ഇന്നലെ രാത്രി വ്യാപകമായി നശിപ്പിച്ചത്. ചോറോട് പെരുമനവയലിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന അഖിലകേരള കന്പവലി മത്സരം കഴിഞ്ഞ് മടങ്ങിയവരാണ് റോഡിന് ഇരുവശത്തേയും ബോർഡുകൾ നശിപ്പിച്ചതെന്നു പറയുന്നു. ബോർഡുകൾ ഒന്നൊഴിയാതെ കീറിയെറിയുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ സ്ഥലം വിട്ടു. മെയ് നാലിനാണ് ടി.പി.രക്തസാക്ഷി ദിനം. ഇതിന്റെ മുന്നോടിയായി വിവിധ പരിപാടികൾ നടന്നുവരികയാണ്. ഇതിൽ അമർഷം പൂണ്ടവരാണ് പ്രചാരണ ബോർഡുകൾക്കെതിരെ തിരിഞ്ഞത്.
ഈ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു വരെയാണ് ആർഎംപിഐ ഓർക്കാട്ടേരിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതേ തുടർന്ന് ഓർക്കാട്ടേരിയിൽ കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വൈകുന്നേരം ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടക്കും.