തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. എന്നാൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുനയത്തിന്റെ ഭാഗമായാണ് സർക്കാർ മദ്യശാലകൾ തുറക്കുന്നത്. ഇക്കാര്യത്തിൽ ആരുമായും ചർച്ചയ്ക്കു തയാറാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. എൽഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മദ്യവർജനം തന്നെയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
121 ബീയർ വൈൻ പാർലറുകളും മൂന്ന് സൈനിക കാന്റിനുകൾ 499 കള്ളുഷാപ്പുകളുമാണ് പുതിയ വിധിയുടെ അടിസ്ഥാനത്തിൽ തുറക്കുന്നത്. ഷാപ്പുകൾ അടച്ചതോടെ 12,100 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ബീയർ വൈൻ പാർലറുകളിലെ 7,500 ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.