കൊല്ലം:ഒരു പകല്‍ മുഴുവന്‍ മലയോര മേഖലയില്‍ ചിലവിട്ട് തങ്ങളുടെ ജീവിതം കണ്ടറിഞ്ഞും പരാതികള്‍ കേട്ടും പരിഹരിച്ചും തൊഴില്‍ മന്ത്രി മടങ്ങുമ്പോള്‍ തൊഴിലാളികളുടെ മുഖങ്ങളില്‍ പ്രത്യാശയുടെ തിളക്കം.
തോട്ടം തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നത് ഒരു ദിനം തൊഴിലാളികള്‍ക്കൊപ്പം പരിപാടിയുടെ ഭാഗമായാണ് മന്ത്രി ടി.പി.രാമകൃഷ്ണന് പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ എത്തിയത്.
കേരള കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് കെ. ജയമോഹനൊപ്പം ആര്‍പിഎല്ലിന്റെ കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി തൊഴിലാളികള്‍ നല്കിയ പരാതി സ്വീകരിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആര്പിഎലിന്റെ പ്രവര്‍ത്തനങ്ങല്‍ മാനേജിംഗ് ഡയറക്ടര്‍ കെ. കാര്ത്തികേയന് വിശദീകരിച്ചു.
ആര്പിഎലിന്റെ വളര്‍ച്ചയും തൊഴിലാളി കൂടുംബങ്ങളുടെ സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റു തോട്ടങ്ങളില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുന്നതും കൂലിയും മറ്റും കാലോചിതമായി വര്‍ധിപ്പിക്കുന്നതും ഭവനരഹിതരായ തൊഴിലാളികള്‍ക്കുവേണ്ടി ഭവന പദ്ധതി നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. ഇവിടെ പുനരധിവസിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച സര്‍ക്കാര്‍ 230 പേരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിക്രം സാരാഭായ് സ്പേസ് സെന്ററിനുള്ള റോക്കറ്റ് കേസ് ഇന്സുലേഷന് ഷീറ്റ് ഉള്‍പ്പടെ കമ്പനിയുടെ റബ്ബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് ആവശ്യം ഏറി വരുന്ന സാഹചര്യത്തില്‍ 2020ഓടെ ഒരു ഹെക്റ്ററില്‍ പ്രതിവര്‍ഷം രണ്ടായിരം കിലോ ഉത്പാദന നേട്ടം കൈവരിക്കാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഓഖി ദുരന്തത്തില്‍ മരിച്ച ആര്‍പിഎല്‍ തൊഴിലാളി വിശ്വനാഥന്റെ കുടുംബത്തിന് കൂവക്കാട് തമിഴ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ ധനസഹായമായ പത്തു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. ടാപ്പിംഗ് തൊഴിലാളികളെ ആദരിച്ചു.
ആര്പിഎലില് നടന്ന അദാത്തില് തൊഴിലാളികള്‍ നല്കിയ 41 പരാതികളില്‍ 20 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഗ്രാറ്റുവിറ്റി 20 ദിവസത്തെ വേതനത്തില്‍ നിന്നും 26 ദിവസത്തെ വേതനമായി ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏരൂര്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റില്‍ കശുമാവുകൃഷി വ്യാപന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ ചെയര്മാന് ജോര്‍ജ് മാത്യുവും സന്നിഹിതനായിരുന്നു.