വടകര: വെള്ളികുളങ്ങര കക്കാട് ടിപി സ്മാരക വായനശാലക്കു നേരെ വീണ്ടും അക്രമം. സ്ഥാപനം കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിരിക്കുകയാണ്. വായനശാലയുടെ ചുമരുകളിലും ടി.പി.ചന്ദ്രശേഖരന്റെ ഫോട്ടോയിലും കരിഓയിൽ ഒഴിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇത് മൂന്നാം തവണയാണ് വായനശാലക്കു നേരെ അക്രമം നടക്കുന്നത്.തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിൽ പൂർണമായും തകർത്ത വായനശാല പുതുക്കി പണിത് കൊണ്ടിരിക്കെ നിരന്തരമായ അക്രമമാണ് നടക്കുന്നത്. മുന്പു വായനശാല സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അക്രമിസംഘം അടിച്ചു തകർത്തിരുന്നു.
വായനശാലയ്ക്കും പ്രവർത്തകർക്കും നേരെ നിരന്തരമായി അക്രമം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പോലീസ് കാണിക്കുന്ന നിസംഗത പ്രദേശത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുകയാണെന്ന് ആർഎംപിഐ കുറ്റപ്പെടുത്തി. സംഭവത്തിലെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാവണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ജനകീയ പ്രതിരോധം തീർക്കുമെന്ന് ആർഎംപിഐ ഉൗരാളുങ്കൽ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി