കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററിൽ അവസാനിക്കാനിടയായത് സിപിഎം-കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ധാരണ പ്രകാരമെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് സഹയാത്രികനുമായ ടി.പി. ഹരീന്ദ്രൻ. ടി. പി. കൊലക്കേസ് അന്വേഷണം മോഹനൻ മാസ്റ്ററിൽ അവസാനിപ്പിച്ചതിൽ സോളാർ സമരം പൊടുന്നനേ നിർത്തിയതിന് അനിഷേധ്യ ബന്ധമുണ്ടായിരുന്നു.
ഇക്കാര്യം യുഡിഎഫിന്റെ പ്രമുഖ നേതാക്കളിൽ പലരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഞങ്ങളിൽ ചിലർക്കെങ്കിലും അന്ന് തന്നെ അറിയാമായിരുന്നുവെന്ന് ടി.പി. ഹരീന്ദ്രൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. “”മഹാരാഷ്ട്രയിൽ താമസമാക്കിയ ഒരു പ്രതി നിരന്തരം മൊബൈലിലൂടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ സിപിഎം നേതാവുമായി ടി.പി. യുടെ മരണത്തിനു മുമ്പും ശേഷവും ബന്ധപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
സമർഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കാൻ ഒത്തു തീർപ്പ് വ്യവസ്ഥകൾ കാരണമാവുകയും ചെയ്തു.അണികൾ 100 ശതമാനവും ആത്മാർത്ഥത മാത്രം കൈമുതലായുള്ളവരാണ്. എന്നാൽ നേതാക്കളിൽ പലരും അങ്ങനെയല്ലെന്നും” ടി.പി. ഹരീന്ദ്രന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ പറയുന്നു. ടി.പി. ഹരീന്ദ്രന്റെ ഈ വെളിപ്പെടുത്തൽ കോൺഗ്രസ് നേതൃത്വത്തെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സോളാർ സമരം കോൺഗ്രസിനെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ അവസരത്തിൽ ടി.പി. കേസ് ഒത്തു തീർപ്പാക്കിയാൽ സോളർ സമരവും അവസാനിപ്പിക്കാമെന്ന നിലയിൽ സിപിഎമ്മിലെ ചില നേതാക്കൾ അന്ന് ഭരണത്തിലുള്ള മ ന്ത്രിമാരുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തതുവെന്നും ഇക്കാര്യം കോൺഗ്രസ് നേതാക്കൾ സമ്മതിച്ചതായും അഡ്വ. ടി.പി. ഹരീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. ടി.പി. വധക്കേസ് പ്രതികളുമായി നിരന്തരം ബന്ധപ്പെട്ട സിപിഎം നേതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടി.പി. വധത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
അറസ്റ്റിലായവരുടെ പേരിലുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചപ്പോൾ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പിന്നീട് അന്വേഷിക്കാമെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞത്. എന്നാൽ ഗൂഢാലോചന കേസ് അന്വേഷണം നിലച്ചു. ഇത്തരം കേസുകളിൽ സർക്കാർ നിർദേശിച്ചാലും ശക്തമായ പിന്തുണ നൽകിയാലുമല്ലാതെ പോലീസ് തുടരന്വഷണം നടത്താറില്ല.
സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാത്തതിനാലാണ് ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷണം നിലച്ചത്. സിപിഎം-കോൺഗ്രസ് നേതൃത്വം തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനു കാരണം. അക്കാരണത്താലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനനിൽ അന്വേഷണം നിലച്ചതെന്നും അഡ്വ. ടി.പി. ഹരീന്ദ്രൻ കുറ്റപ്പെടുത്തി.