കൊച്ചി: ആര്‍എംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും ഹൈക്കോടതിയില്‍ ഹാജരായി. ശിക്ഷാവിധിയില്‍ വാദം തുടങ്ങി. കേസിലെ പ്രതിയായ ജ്യോതി ബാബു ഹാജരായില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡയാലിസിസ് നടത്താനുണ്ടെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിച്ചു.
വിചാരണക്കോടതി വെറുതെവിട്ട 10, 12 പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷന് ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇവരെ കേള്‍ക്കുന്നതിനായിട്ടാണ് ഇന്ന് ഈ പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുള്ളത്.
ഗൂഢാലോചന കേസില്‍ പ്രതികളായി കണ്ടെത്തിയ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരേയും ഇന്ന് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ശിക്ഷയുടെ കാര്യത്തല്‍ ഇവരെ കേള്ക്കുന്നതിനായിട്ടാണിത്.
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, കണ്ണൂര്‍, തൃശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീല്‍, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യുഷന് നല്കിയ അപ്പീൽ, സിപിഎം നേതാവ് പി.മോഹനനടക്കമുള്ളവരെ കേസില്‍ വെറുതെ വിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നൽകിയ അപ്പീല്‍ എന്നിവയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പി. മോഹനന് അടക്കം 22 പേരെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
ഒന്ന് മുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ് (ഒന്നാം പ്രതി), കിർമാണി മനോജ്, കൊടിസുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്, 11-ാം പ്രതി ട്രൗസർ മനോജ്, 13-ാം പ്രതി സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവുമാണ് വിചാരണക്കോടതി വിധിച്ചത്. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു.
2014ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ല കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതേ വിട്ടിരുന്നു.