എറണാകുളം: ആർഎംപി നേതാവ് ടി. പി ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ. എം ഷാജി.
ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ടിപിയെ കൊല്ലപ്പെടുത്താൻ കാരണമെന്ന് കെ. എം ഷാജി പറഞ്ഞു. എറണാകുളം മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലായിരുന്നു ഷാജിയുടെ കുറ്റപെടുത്തൽ.
ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കലിൽ വിജയിച്ചാൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണ സ്രോതസ്സ് പുറത്തുവരുമെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനിൽ നിന്ന് മുകളിലേക്ക് പോയിരുന്നെങ്കിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മറുപടി പറയേണ്ടി വരുമായിരുന്നു എന്നും ഷാജി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് സാധിച്ചുവെന്നും കെ. എം ഷാജി കൂട്ടിചേർത്തു.