ന്യൂഡൽഹി: ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലാത്ത പകിട്ടുകളോടെ ഇന്നലെ ഒരു ട്രെയിൻ ചൂളംവിളിച്ചു യാത്രക്കാരനെ കാത്തു തലയെടുപ്പോടെ നിന്നു.
രാജ്യത്തെ പ്രഥമ പൗരൻ രാം നാഥ് കോവിന്ദിനും കുടുംബത്തിനും വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. ഉത്തർപ്രദേശിലെ കാണ്‍പൂരിൽ താൻ ജനിച്ച ഗ്രാമത്തിലേക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നിയും ഇന്നലെ പ്രത്യേക ട്രെയിനിൽ യാത്ര തിരിച്ചത്.
കാണ്‍പൂരിലെ പരൗങ്ക് ഗ്രാമത്തിലേക്ക് വർഷങ്ങൾക്കുശേഷമാണ് രാം നാഥ് കോവിന്ദ് എത്തുന്നത്.
പതിനഞ്ചു വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു രാഷ്ട്രപതി ആദ്യമായി നടത്തുന്ന ട്രെയിൻ യാത്ര എന്ന പ്രത്യേകത കൂടി ഈ ട്രെയിൻ യാത്രയ്ക്കുണ്ട്. 2006ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഏറ്റവും ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്തത്.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു കലാമിന്റെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിൻ യാത്ര നടത്തിയിരുന്നു.
1956ലാണ് രാഷ്ട്രപതിക്കുവേണ്ടി റെയിൽവേ പ്രത്യേക പ്രസിഡൻഷ്യൽ സലൂണ്‍ നിർമിച്ചത്. രണ്ട് എസി കോച്ചുകളുടെയും നന്പർ 9000, 9001 ആണ്. അതിവേഗത്തിൽ നീങ്ങുന്നതിനുള്ള തടസങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ 2008ൽ ഇത് ഡീകമ്മീഷൻ ചെയ്തിരുന്നു.
പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനുപുറമേ രാഷ്ട്രപതിമാരായിരുന്ന സക്കീർ ഹുസൈൻ, വി.വി. ഗിരി, എൻ. സ്ഞ്ജീവ് റെഡ്ഡി എന്നിവരും ജനങ്ങളുമായി സംവദിക്കാൻ പലപ്പോഴും ട്രെയിൻ യാത്ര തെരഞ്ഞെടുത്തിരുന്നു.
നീലം സഞ്ജീവ റെഡ്ഡിക്കുശേഷം ആദ്യമായി ട്രെയിനിൽ കയറുന്ന രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ആണ്. 2003, 2004, 2006 വർഷങ്ങളിൽ അദ്ദേഹം ട്രെയിൻ യാത്ര നടത്തിയിരുന്നു.
പിന്നീട് പ്രതിഭ പാട്ടീൽ രാഷ്ട്രപതി ആയപ്പോൾ ട്രെയിൻ യാത്രയ്ക്ക് താത്പര്യം പ്രകടിപ്പിച്ചെങ്കിലും അപ്പോഴേക്കും പ്രസിഡൻഷ്യൽ സൂട്ട് ഡീ കമ്മീഷൻ ചെയ്തിരുന്നു.
രാഷ്ട്രപതിക്കുപുറമേ മന്ത്രിമാർക്കുള്ള പ്രത്യേക കോച്ചുകളും റെയിൽവേയിൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ പതിവായി പ്രത്യേക കോച്ചിൽ ട്രെയിൻ യാത്രകൾ നടത്തിയിരുന്നു. 370 തവണയാണ് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ട്രെയിൻ യാത്ര നടത്തിയത്.
കാണ്‍പൂരിൽ സ്കൂൾ കാലത്തെ സഹപാഠികളെയും സുഹൃത്തുക്കളെയും കാണുന്നതിനാണ് രാഷ്്ട്രപതി ഇന്നലെ യാത്ര തിരിച്ചത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ എന്നിവർ രാഷ്്ട്രപതിയെ യാത്രയാക്കാനെത്തി.
പ്രത്യേക ട്രെയിനിലാണ് രാഷ്്ട്രപതിയുടെ യാത്ര. യാത്രാമധ്യേ കാണ്‍പൂരിലെ ജിൻഝാക്ക്, റൂരാ എന്നീ രണ്ടു സ്ഥലങ്ങളിൽ ട്രെയിൻ നിർത്തും. സ്കൂൾ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്്ട്രപതിക്ക് നേരിട്ട് സംസാരിക്കാനാണ് ഈ സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചത്.
ജൂണ്‍ 27ന് കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിൽ നടക്കുന്ന രണ്ടു സ്വീകരണ ചടങ്ങുകളിലും രാഷ്്ട്രപതി പങ്കെടുക്കും. രാഷ്്ട്രപതിയായി ചുമതലയേറ്റെടുത്തശേഷം ഇതാദ്യമായാണ് രാംനാഥ് കോവിന്ദ് ജന്മനാട്ടിലെത്തുന്നത്.
സ്വന്തം നാട്ടിലെ പരിപാടികൾക്കുശേഷം ജൂണ്‍ 28ന് കാണ്‍പുർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ലക്നോവിലേക്കും രാഷ്്ട്രപതിട്രെയിൻമാർഗം യാത്ര തിരിക്കും.
അവിടെനിന്നു തിരിച്ച് ഡൽഹിയിലേക്കു വിമാനത്തിലാണ് മടക്കമെന്ന് രാഷ്്ട്രപതിഭവനിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.