ഓടുന്ന ട്രെയിനിൽ ചാടിക്കയറരുതെന്ന മുന്നറിയിപ്പ് എല്ലാ സ്റ്റേഷനുകളിലും ഇടയ്ക്കിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നതാണ്.
എങ്കിലും ചിലർ ഇതെല്ലാം അവഗണിച്ച് ട്രെയിനിൽ ചാടിക്കയറും. ഒരു ട്രെയിൻ പോയാൽ അടുത്തത് വരും, പക്ഷെ ജീവൻ പോയാലോ? അല്പം നേരത്തെ ഇറങ്ങിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു ഇത്.
ഓടുന്ന ട്രെയിനിൽ നിന്ന് താഴെ വീണ യാത്രക്കാരനെ രക്ഷിച്ച ആർപിഎഫ് കോൺസ്റ്റബിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്.
ഗോവയിലെ വാസ്കോ ഡ ഗാമ സ്റ്റേഷനിലാണ് സംഭവം. വാസ്കോ-പട്ന എക്സ്പ്രസിൽ കയറാൻ ശ്രമിച്ച യാത്രക്കാരനാണ് പാളത്തിലേക്ക് വീണത്.
ഓടിയെത്തിയ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ കെ.എം.പാട്ടീലിന്റെ സമയോചിതമായ നടപടിയാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.
മനസാന്നിധ്യം കൈവിടാതെ യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് പാട്ടീൽ വലിച്ചു കയറ്റുകയായിരുന്നു. ഇന്ത്യൻ റെയിൽവേയാണ് സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഓടുന്ന ട്രെയിനിൽ ചാടിക്കയറരുതെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.