മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി വാങ്ങിയ ട്രാക്ടർ കട്ട് പുറത്തായത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാർഷിക പുരോഗതി ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയാണ് കർഷകർക്ക് ഗുണം ചെയ്യാതെ ആയത്.
തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി 2006 പഞ്ചായത്ത് വാങ്ങിയ ട്രാക്ടർ അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപുറത്ത് ആയത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മെഴുകംപാറ റോഡരികിലാണ് ആർക്കും വേണ്ടാതെ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും തുരുന്പെടുത്ത് നശിക്കുന്നത്.
മണ്ണാർക്കാട് നെല്ലറയായതെങ്കരയിലെ കർഷകർക്ക് കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്യുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ചിറപ്പാടം പാടശേഖരസമിതിക്ക് വേണ്ടി ട്രാക്ടർ വാങ്ങി നൽകിയത്.
പത്തുവർഷത്തോളം ട്രാക്ടറിന്റെ സേവനം കർഷകർക്ക് വേണ്ടരീതിയിൽ ഗുണം ചെയ്തെങ്കിലും കാലപ്പഴക്കവും അറ്റകുറ്റ പണികൾ ചെയ്യുന്നതിനുള്ള ചെലവും അധിക്രമിച്ചതോടെ ട്രാക്ടർ കട്ട പുറത്തായി .
നിലം ഉഴുതു മറിക്കുന്ന സ്വകാര്യ ട്രാക്ടർ ഉടമകൾ മണിക്കൂറിന് 800 രൂപ വാങ്ങുന്ന കാലത്ത് 550 രൂപയ്ക്കാണ് പഞ്ചായത്ത് വക ഈ ട്രാക്ടർ കർഷകർക്ക് പണികൾ ചെയ്തു നൽകിയിരുന്നത്.
ചിറപ്പാടം, മണലടി ,കൊറ്റിയേട് ,തോട്കാട് പടശേഖരങ്ങളും ഈ മേഖലയിലെ ഇരുനൂറിലധികം കർഷകരും ഈ ട്രാക്ടറിന്റെ സേവനമാണ് ഉപയോഗിച്ചിരുന്നത് .
അവസാനഘട്ടത്തിൽ കാലപ്പഴക്കം മൂലം ട്രാക്ടറിന്റെ മേൽനോട്ടം ചിറപ്പാടം പാടശേഖര സമിതിക്ക് വലിയ കടബാധ്യത വരുത്തിയിരുന്നു. ടാക്ടറിന്റെ സേവനം ലഭിക്കാതായതോടെ കർഷകരും ബുദ്ധിമുട്ടിലായി.
ഇതേ കാലയളവിൽ തന്നെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കൈതച്ചിറ ,തോടുകാട് പാടശേഖര സമിതികൾക്ക് ട്രാക്ടർ നൽകിയിരുന്നു .ഇവയും ഉപയോഗശൂന്യമായി കിടക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പദ്ധതികളിൽ ഒന്നും തന്നെ തെങ്കര പഞ്ചായത്ത് പുതിയ ട്രാക്ടർ വാങ്ങുന്നതിന് തുക മാറ്റി വെച്ചിട്ടില്ല.കട്ട പുറത്തായ ട്രാക്ടർ ലേലം ചെയ്തു പുതിയ ട്രാക്ടർ അനുവദിക്കണമെന്നാണ് തെങ്കരയിലെ കർഷകരുടെ ആവശ്യം.