കൊച്ചി: സംസ്ഥാനത്തെ റേഷന്‍കടകളില്‍ സെപ്റ്റംബര്‍ മുതല്‍ മണ്ണെണ്ണവിതരണം ഉണ്ടാകില്ല. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാകാത്തതിനാല്‍ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന മണ്ണെണ്ണ മൊത്തവ്യാപാരികളുടെ തീരുമാനമാണു വിതരണം മുടങ്ങാൻ കാരണം. 1,944 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 780 കിലോ ലിറ്ററായി കുറച്ചു.
ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു. മൂന്നു മാസം കൂടുമ്പോഴാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്റ്റംബറിലാണ്.
മുന്‍ഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പിഎച്ച്എച്ച്, എഎവൈ) കാര്‍ഡ് ഉടമകള്‍ക്കാണു മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ. എന്നാല്‍, മണ്ണെണ്ണ വ്യാപാരികള്‍ക്കു മൂന്നു മാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ട്മെന്റ് ലഭിക്കാറില്ല.