കൊച്ചി: ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദമ്പതികളുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പോലീസ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് നാലുവരെയുള്ള കാലയളവിലാണ് പ്രതികള്‍ പരാതിക്കാരനില്‍നിന്നും പണം തട്ടിയെടുത്തത്.
ഓണ്‍ലൈനില്‍ ട്രേഡിംഗിനെ സംബന്ധിച്ച് സെര്‍ച്ച് ചെയ്ത പരാതിക്കാരനെ രണ്ട് ഫോണ്‍ നമ്പരുകള്‍ നല്കി സമീപിച്ച പ്രതികള്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വെല്‍സ് കാപ്പിറ്റല്‍ ബിസിനസ് സ്കൂള്‍ ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗം ആക്കുകയും തുടര്‍ന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും പ്രതികള്‍ കൈമാറിയ അക്കൗണ്ടിലേക്ക് 67,40,306 രൂപ തട്ടിയെടുക്കുകയായിരുന്നു.
പരാതിക്കാരന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടില്‍നിന്ന് 17 തവണകളായാണ് പണം കൈമാറിയത്. ഇതിന് പിന്നാലെ പരാതിക്കാരന് 4.13 കോടി രൂപ ട്രേഡിംഗിലൂടെ ലഭിച്ചതായി കാണിച്ച് പ്രതികള്‍ ഒരു ഓണ്‍ലൈന്‍ ലിങ്ക് വാട്സ്ആപ്പ് മുഖേന കൈമാറി.
ഇതുവഴി പണം പിന്‍വലിക്കാന്‍ ശ്രമിച്ചതോടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നും പ്രതികള്‍ പരാതിക്കാരനെ പുറത്താക്കി. പണം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.