കൊട്ടാരക്കര: വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞ് സ്റ്റേഷനു സമീപത്തെ റോഡ്. ഇതു മൂലം ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുഷ്ക്കരമായി.
കൊട്ടാരക്കര പോലീസ് സ്റ്റേഷനു സമീപത്തുള്ള റോഡിനാണ് ഈ ദു:സ്ഥിതി. കൊട്ടാരക്കര – ഓയൂർ റോഡിനെയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന വൺവേയാണ് ഈ റോഡ്.
പോലീസ് പിടികൂടുന്ന ടിപ്പർ ലോറികൾ മുതൽ ഇരുചക്രവാഹനങ്ങൾ വരെ ഈ റോഡു വശങ്ങളിലാണ് പാർക്കു ചെയ്യുന്നത്.വീതിയുള്ള ഈ റോഡുവഴി ഇപ്പോൾ ഒരു വലിയ വാഹനത്തിന് കഷ്ടിച്ചു പോകാൻ മാത്രമാണ് കഴിയുക.
മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയില്ല. ട്രാഫിക് പോലീസ് നോ പാർക്കിംഗ് ബോർഡു സ്ഥാപിച്ചിട്ടുള്ളിടത്തു പോലും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ടിടുന്നു.
ഇതുവഴി കടന്നു പോകാൻ കഴിയാതെ വരുമ്പോൾ ഇരുചക്രവാഹനക്കാർ പലപ്പോഴും വൺവേ നിയമം ലംഘിച്ചു പോകാറുണ്ട്. അവരെ അപ്പോൾ തന്നെ പിടികൂടുകയും പിഴ ഈടാക്കുകയും പതിവാണ്.
ഇതിനായി പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുമുണ്ട്.നിയമപാലകർ തന്നെ നിയമം തെറ്റിക്കുന്ന കാഴ്ചയാണ് പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടക്കുന്നത്.