ചേർത്തല: വടക്കേ അങ്ങാടി കവലയിലെ റോഡിൽ രൂപപ്പെട്ട ഭീമാകാരമായ കുഴി മൂലം യാത്ര ദുരിതത്തിൽ. ജപ്പാൻ പൈപ്പ് പൊട്ടിയാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു വീതി കുറവായതിനാൽ ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടയിലാണ് റോഡിൽ കുഴി രൂപപ്പെട്ടത്.
ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഇരുന്പുകന്പികൾ സ്ഥാപിച്ചിട്ടുണ്ട്. അത് ചുവന്ന റിബണ്കൊണ്ട് ബന്ധിപ്പിച്ച നിലയിലാണ്. ഒരു ബസ് പോലും കഷ്ടപ്പെട്ടാണ് ഗർത്തം കടന്നുപോകുന്നത്. ഇതിനിടയിൽ രണ്ടു ബസുകൾ ഒരുമിച്ച് വന്നാൽ പോകാനാവില്ല. ഇതിനിടയിലാണ് മറ്റു വാഹനങ്ങളും ഇരുചക്രവാഹനങ്ങളും വിവിധ ദിശകളിൽ നിന്നായി എത്തുന്നത്.
ഒരു വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടാൽ ചുരുങ്ങിയത് 30 മിനിറ്റെങ്കിലും റോഡിൽ കിടക്കേണ്ടിവരും. ഇവിടെ ട്രാഫിക് പോലീസ് ഉണ്ടെങ്കിലും വാഹനങ്ങളുടെ ബാഹുല്യം മൂലം വാഹനങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നില്ല. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ കടന്നുപോകുന്ന റോഡാണ് ഇവിടം.
ഈ പ്രദേശത്ത് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് രാവിലെയും വൈകുന്നേരവുമാണ്. നഗരത്തിലേക്ക് വരുന്ന സ്വകാര്യ ബസുകളും, കെഎസ്ആർടിസി ബസുകളടക്കമുള്ള വാഹനങ്ങളധികവും ഈ ജംഗ്ഷനിലൂടെയാണ് കടന്നുപാവുന്നത്. റോഡിൽ രൂപപ്പെട്ട കുഴി ഇതുവഴിയുള്ള യാത്ര തീർത്തും ദുഷ്കരമാക്കിയിരിക്കുകയാണ്. എത്രയും വേഗം റോഡ് പൂർവസ്ഥിതിയിലാക്കി ട്രാഫിക് സാധാരണ നിലയിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.