ചിറ്റൂർ: ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന ആശുപത്രി ജംഗ്ഷൻ മൂന്നുമൊക്ക് പാതയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് സുഗമമായ വാഹനസഞ്ചാരത്തിന് വഴിയൊരുക്ക ണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. വർഷങ്ങൾക്കുശേഷം കഴിഞ്ഞ മാസമാണ് ഇവിടത്തെ തകർന്ന പാതയും അഴുക്കുചാലും പുനർനിർമിിച്ചത്.നല്ലേപ്പിള്ളി, ആലാംകടവ്, അണിക്കോട് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിലെത്തുന്പോൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.
വാഹന അപകടങ്ങളിൽ അത്യാസന്ന നിലയിൽപെട്ടവരെ കൊണ്ടുവരുന്ന ആംബുലൻസും വഴിയിൽ കുടുങ്ങാറുണ്ട്.
നിലവിൽ ഈ സ്ഥലത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള റെഡ് ലൈറ്റ് മാത്രമേ തെളിയുന്നുള്ളൂ. ഇതു വാഹനം ഓടിക്കുന്നവർക്ക് ഒരുതരത്തിലും ജംഗ്ഷൻ കടക്കാൻ ഉപകാരപ്രദമാകുന്നില്ല.
കണക്കന്പാറ, ആലാംകടവു ഭാഗത്തുനിന്നും ജംഗ്ഷനിലെത്തുന്നവർ താലൂക്ക് ആശുപത്രി റോഡിൽ പ്രവേശിപ്പിക്കണമെങ്കിൽ യൂ ടേണിൽ സഞ്ചരിക്കണം. തിരിവിൽ മറുവശം കാണാൻ കഴിയാത്തവിധം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. മിക്കപ്പോഴും വാഹനം മുന്നോട്ടു തിരിച്ചശേഷം എതിരെ വരുന്ന വാഹനത്തിനു മുന്നിലകപ്പെട്ട് കുട്ടിയിടിക്കുന്ന അപകടങ്ങളും പതിവാണ്.
ആശുപത്രിക്കു മുന്നിൽനിന്നും ജംഗ്ഷനിലേക്ക് ഇറങ്ങിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ആൾക്കുട്ടത്തിലേക്ക് പാഞ്ഞു സംഭവസ്ഥലത്തു രണ്ടുപേർ മരിച്ചിരുന്നു. പതിനഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കിഴക്കൻമേഖലയിൽ തീപിടുത്തമോ അപകടമൊ സംഭവിച്ചാൽ ഫയർ ആൻഡ് റസ്ക്യൂ യുണിറ്റ് ആശുപത്രി ജംഗ്ഷൻ മറികടക്കണമെങ്കിൽ ഏറെ സമയമെടുക്കും.
മുന്പ് ഈ സ്ഥലത്ത് ചിറ്റൂർ പോലീസ് ഹോംഗാർഡിനെ നിയോഗിച്ച് വാഹനസഞ്ചാരം നിയന്ത്രിച്ചിരുന്നുവെങ്കിലും പിന്നീടിതു നിർത്തിയതോടെ വീണ്ടും കുരുക്ക് മുറുകി.
ഈ സാഹചര്യത്തിൽ രണ്ടുവർഷംമുന്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കി ഗതാഗതതടസത്തിനു പരിഹാരം കാണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.