കൊച്ചി: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോഴും നഗരത്തിലെ തിരക്കിന് യാതൊരു കുറവുമില്ല. രോഗഭീഷണി നിലനില്ക്കുമ്പോള് തന്നെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നിരവധിയാണ്.
പലയിടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം അത്യന്തം ഗുരതരമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. പലരും സ്വന്തം വാഹനങ്ങളില്‍ തന്നെ നഗരത്തിലേക്ക് എത്തുന്നതിനാല്‍ റോഡുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ്.
കൂടാതെ ഇത്രയധികം വാഹനങ്ങള്‍ നിരത്തിലേക്കെത്തിയപ്പോള് നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിലെല്ലാം തന്നെ ഏറെ നേരത്തെ ഗതാഗതക്കുരുക്കുകള്‍ രൂപപ്പെട്ടു തുടങ്ങി.
വൈറ്റില ജംഗ്ഷന്, പൊന്നുരുന്നി, കടവന്ത്ര, മേനക, എംജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം, പൈപ്പ് ലൈന്‍ ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമേ കലൂര്‍ കതൃക്കടവ്, പാലാരിവട്ടം എസ്എന്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ സംവിധാനങ്ങളും തിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്.
പാലാരിവട്ടം എസ്എന്‍ ജംഗ്ഷനില്‍ കലൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി തിരിയുന്നതിന് സിഗ്നല്‍ തെളിയാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ ഈഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ നീണ്ടനിര ജനത ജംഗ്ഷന് സമീപം വരെയെത്തുന്നു.
ഇതിനിടെ ട്രാഫിക് നിയമലംഘനങ്ങളും പതിവ് കാഴ്ചയാണ്. സകല ട്രാഫിക് നിയമങ്ങളും കാറ്റില്‍ പറത്തിയാണ് നഗരത്തില്‍ ഒരുവിഭാഗത്തിന്റെ യാത്ര. വണ്‍വേ ലംഘനം, സിഗ്നല്‍ നല്‍കാതെ ലെയിന്‍ മാറുക, സിഗ്നല്‍ ലംഘനം തുടങ്ങിയവയാണ് പ്രധനമായും.
ഇളവുകളെത്തുടര്‍ന്ന് അനിയന്ത്രിതമായി വാഹനങ്ങള്‍ എത്തുന്നതിനിടെ ഇത്തരം നിയമലംഘനങ്ങള്‍ അപകടത്തിന് വഴിയൊരുക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞതോടെയാണ് ട്രാഫിക് നയമങ്ങള്‍ തെറ്റിക്കുന്നതില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. രാത്രി ഏഴിന് ഗതാഗത ഇളവുകള്‍ അവസാനിച്ചാലും വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല.
പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശ നിലനില്‍ക്കുമ്പോഴും നഗരത്തിലെ വിവിധ കളകളില്‍ ഉള്‍പ്പെടെ മറ്റ് നിരവിധിയിടങ്ങളില് ഇതു പാലിക്കപ്പെടുന്നില്ല. എറണാകുളം മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ മുഴുവന്‍ കടകളും സജീവമായതോടെ ബ്രോഡ്വേ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പകല്‍ സമയങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കടകളില്‍ എത്തുന്നവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ വ്യാപാരികള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ ഇനിയും ആയിട്ടില്ല.