കോട്ടയം: നഗരത്തിലെ ഫുട്പാത്തുകൾ ഇരുചക്ര വാഹനങ്ങൾ കൈയേറ്റുന്നു.കോട്ടയം നഗരത്തിലെ ഫുട്പാത്തിൽ കൂടി പോലും നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഒന്നു ശ്രദ്ധമാറിയിൽ ഇരുചക്രവാഹനം ആളുകളെ ഇടിച്ചു വീഴ്ത്തും. നാലു ചക്ര വാഹനങ്ങൾക്ക് ഫുട്പാത്തിൽ കൂടി പോകാൻ പറ്റാത്തതിനാൽ വാഹനങ്ങൾ കയറുന്നില്ലെന്നു മാത്രം.
നഗരത്തിലെ ഫുട്പാത്തുകളിൽ കൂടി കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തി ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നത് പതിവ് കാഴ്ചയായി മാറി. ബേക്കർ ജംഗ്ഷൻ, വൈഎംസിഎ, പോസ്റ്റോഫീസ്, തിരുനക്കര, പുളിമൂട്, ലോഗോസ് ജംഗ്ഷൻ, കളക്്ടറേറ്റ് എന്നിവിടങ്ങളിലെ ഫുട്പാത്തുകളിലാണ് ഇരു ചക്രവാഹനങ്ങൾ ഫുട്പാത്തിൽകൂടി പായുന്നത്.
മെയിൻ റോഡിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞു ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്പോഴാണ് ഇരു ചക്രവാഹനങ്ങൾ ഫുട്പാത്തിൽ കയറുന്നത്. ബേക്കർ ജംഗ്ഷൻ, കളക്്ടറേറ്റ്, ലോഗോസ് ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്പോഴാണ് ഫുട്പാത്തുകളിൽ കൂടി ഇരുചക്രവാഹനങ്ങൾ കയറി പോകുന്നത്.
കൈവരികൾ കെട്ടിയടച്ച ഫുട്പാത്തിൽ കൂടി വരെ ബൈക്കും സ്കൂട്ടറും പായുകയാണ്. വളരെ സുരക്ഷിതമായി ഫുട്പാത്തിലൂടെ നടന്നു പോകുന്ന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ബേക്കർ ജംഗ്ഷനിലും കളക്്ടറേറ്റിനു സമീപവും ഫുട്പാത്തിൽകൂടി എത്തിയ ബൈക്ക് കാൽനടയാത്രക്കാരെ ഇടിപ്പിച്ചിരുന്നു. തലനാഴിരയ്ക്കാണ് അപകടമുണ്ടാകാതെ യാത്രക്കാർ രക്ഷപെട്ടത്.
ഫുട്പാത്തുകളിൽ കൂടി ബൈക്കുകളും സ്കൂട്ടറുകളും ചീറിപ്പായുന്നത് നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപെടുന്നുണ്ടെങ്കിലും നടപടികൾ ഒന്നും എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ടൈൽസ് ഒട്ടിച്ച് മനോഹരമാക്കിയ ഫുട്പാത്തിൽ അനധികൃത കട സ്ഥാപിച്ച് യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്ന കാഴ്ച നഗരത്തിലെവിടെയും കാണാം. പക്ഷേ ആരും ഇതിനൊരു തടസമാകില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നത് പാവം കാൽനട യാത്രക്കാരാണ്.
കർശന നടപടി
കോട്ടയം: കാൽനടയാത്രക്കാർക്ക് ഭീഷണിയായി ഫുട്പാത്തുകളിൽ കൂടി കയറി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ട്രാഫിക് എസ്ഐ അജേഷ് കുമാർ. നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാർക്ക് ഇതു സംബന്ധിച്ച് കർശനമായ നിർദേശം നൽകിയിട്ടുണ്ടെന്നും ട്രാഫിക് എസ്ഐ പറഞ്ഞു.