കൊച്ചി: മേല്‍പ്പാലം തുറന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും വൈറ്റിലയില്‍ ഗതാഗതക്കുരുക്കിന് മാറ്റമില്ല. കുണ്ടന്നൂര്‍, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളില്‍ ഇപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. പാലം തുറന്ന അന്നു തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല.
നിലവില്‍ കൂണ്ടന്നൂര്‍ ഭഗത്തേക്കുള്ള അപ്രോച്ച് റോഡില്‍ ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൃപ്പൂണിത്തുറ, കടവന്ത്ര ഭാഗങ്ങളിലേക്ക് പേകേണ്ട വാഹനങ്ങള്‍ നിരനിരയായി എത്തുന്നതോടെ പ്രദേശത്ത് കുരുക്ക് രൂക്ഷമാകും. രാവിലെയും വൈകിട്ടും പോലീസും, ട്രാഫിക് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
അതിനിടെ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വാഹനഗതാഗതത്തില്‍ വീണ്ടും പരിഷ്കാരം ഏര്‍പ്പെടുത്തി. ഇതുപ്രകാരം ബസുകള്‍ ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്താണ് വൈറ്റിലയിലെത്തുന്നത്.