കൊച്ചി: വൈറ്റിലയിലെ ഗതാഗത കുരുക്ക് തങ്ങളുടെ നഷ്ടം വർധിപ്പിക്കുന്നതായി സ്വകാര്യ ബസുടമകൾ. മേൽപ്പാലനിർമാണത്തെത്തുടർന്നു ബസുകൾ വഴിതിരിച്ചുവിട്ടതും ഗതാഗത കുരുക്ക് വർധിക്കുന്നതും പ്രതിദിന നഷ്ടം വർധിപ്പിക്കുന്നതായും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. നേരത്തെ സ്വകാര്യ ബസുകൾ വൈറ്റില ജംഗ്ഷനിൽനിന്നു യു ടേണ്‍ എടുത്താണ് ഹബ്ബിലേക്ക് പ്രവേശിച്ചിരുന്നത്.
മേൽപ്പാലനിർമാണം ആരംഭിച്ചതോടെ പൊന്നുരുന്നി അന്പലത്തിന് സമീപത്തെ പാലത്തിനടിയിലൂടെയായി ഹബ്ബിലേക്കുള്ള പ്രവേശനം. അടിപ്പാതയിൽ ഒരു ബസിന് മാത്രം കടന്നുപോകുന്നതിനുള്ള വീതിയാണു റോഡിനുള്ളത്. ഇതുവഴി തുടർച്ചയായി ബസുകൾ ഹബ്ബിലേക്ക് പോകുന്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു.
ഇതിനെതിരേ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നു ഹബ്ബിലേക്കുള്ള സ്വകാര്യബസുകളുടെ പ്രവേശനം ഇതുവഴി പോലീസ് നിരോധിച്ചു. പകരം ഹബ്ബിലേക്ക് പോകേണ്ട ബസുകൾ ചളിക്കവട്ടത്ത് പോയി യുടേണ്‍ എടുത്ത് വൈറ്റില ജംഗ്ഷനിലെത്തി ഹബ്ബിലേക്കു പ്രവേശിക്കാൻ സൗകര്യവുമൊരുക്കി. ഇത് അധികദൂരം സഞ്ചരിക്കണമെന്നതിന് പുറമേ യു ടേണ്‍ തിരിയുന്ന ഭാഗത്തെ ഗതാഗതക്കുരുക്കുമൂലം ഒരു ട്രിപ്പ് നഷ്ടപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി ബസ് ഉടമകൾ രംഗത്തെത്തിയിരുന്നു.
തൃപ്പൂണിത്തുറ, ചോറ്റാനിക്കര, പൂത്തോട്ട, വൈക്കം തുടങ്ങിയ കിഴക്കൻ മേഖലയിലേക്കു പോകേണ്ട ബസ്സുകൾ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. തൻമൂലം പ്രതിദിനം 500 രൂപയോളം ഇന്ധ ചിലവ് അധികമായി വരുന്നതായി ബസ്സ് ഓണേർസ് ജില്ലാ കോ-ഓർഡിനേറ്റർ കമ്മറ്റി കണ്‍വീനർ ടി.ജെ. രാജു ആരോപിച്ചു. നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥയും ബസ് വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിന് പുറമേയുള്ള ഈ അധിക ചിലവും താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റിലയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നു സ്വകാര്യ ബസുകൾ ഇന്നലെ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. മുന്നറിയിപ്പ് കൂടാതെ നടത്തിയ പണിമുടക്കിൽ യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു. വൈറ്റിലയിൽ ബസ് ജീവനക്കാർതന്നെ അടിപ്പാതയിലൂടെ ഹബ്ബിലേക്കു സൗകര്യമുണ്ടാക്കി ഗതാഗതം നടത്തിയതിനെച്ചൊല്ലി ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തർക്കമാണ് മിന്നൽ പണിമുടക്കിലേക്കെത്തിയത്. ഉച്ചയോടെ ആരംഭിച്ച പണിമുടക്ക് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നു വൈകുന്നേരത്തോടെയാണു പിൻവലിച്ചത്.
ബസുടമകളുടെയും ജീവനക്കാരുടെയും പരാതിയെത്തുടർന്ന് ഇന്നലെ അടിപ്പാതയിലൂടെയുള്ള യാത്ര പുനഃരാരംഭിക്കാനുള്ള സൗകര്യമൊരുക്കാമെന്നു കളക്ടർ ഉറപ്പ് നൽകിയിരുന്നതായി ബസുടമകൾ പറഞ്ഞു. സൗകര്യമൊരുക്കാതായതോടെ ബസ് ജീവനക്കാർതന്നെ അടിപ്പാതവഴിയുള്ള റോഡ് ഇന്നലെ തുറക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഡിവിഷൻ കൗണ്‍സിലർ പി.എസ്. ഷൈന്റെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞു.
ഇതോടെ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് വൈറ്റില ഹബ്ബുമായി ബന്ധപ്പെട്ട് ഗതാഗതം നടത്തുന്ന സ്വകാര്യ ബസുകൾ ഒന്നടങ്കം മിന്നൽ പണിമുടക്കിലേർപ്പെടുകയായിരുന്നു.ബസുടമകളും തൊഴിലാളികളും വൈറ്റില ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിൽ തന്പടിച്ചു യാത്രക്കാരുമായി വന്ന സ്വകാര്യ ബസുകൾ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ടു.
ഹബ്ബിൽനിന്നുള്ള മെട്രോ ട്രെയിൻ, മെട്രോ ബോട്ട് സർവീസ്, ഉൗബർ ടാക്സി, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിച്ചാണ് ആളുകൾ യാത്ര തുടർന്നത്.അതിനിടെ, നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രൈവറ്റ് ബസ് കോ-ഓർഡിനേഷൻ കമ്മറ്റി യോഗം ചേരാനും കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനമായി. നാളത്തെ യോഗത്തിൽ വൈറ്റില അടിപ്പാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്ന ആവശ്യം ബസുടമകൾ ശക്തമായി ഉന്നയിക്കുമെന്നാണു വിവരം.