കോട്ടയം: എംസി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ തടി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാന്നാനിക്കാട് സ്വദേശിക്കു പരിക്ക്.
ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയിൽനിന്നു തടി മാറ്റുന്നതിനാല്‍ എംസി റോഡില്‍ രാവിലെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പെരുമഴയിൽ നിരവധിയാളുകള്‍ റോഡില്‍ മണിക്കൂറുകളോളം കുടുങ്ങി. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും കുടുങ്ങിയതോടെ കോട്ടയത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബസ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
പള്ളം മുതല്‍ കോടിമത വരെ വാഹനങ്ങള്‍ ചലിക്കാത്തെ അവസ്ഥയിലായിരുന്നു. പോലീസ് എത്തി ഗതാഗതം തിരിച്ചുവിടാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി.
നിയന്ത്രണം നഷ്ടമായ കാര്‍ തടിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് ചാന്നാനിക്കാട് പാരിഡേല് മാത്യു ( 45 ) വിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിങ്ങവനം ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നെത്തിയ ലോറിയും തമ്മിലാണു കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.