കൊല്ലം: ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കും അനധികൃത പാർക്കിംഗും ഒഴിവാക്കാൻ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം യോഗം ചേർന്നു.എസിപി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കണ്ട്രോൾ റൂം സിഐ ഷെരീഫ്, ഈസ്റ്റ് എസ് എച്ച് ഒ മഞ്ചുലാൽ, ട്രാഫിക് എസ്ഐ അനൂപ്, കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്, കച്ചവട പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ് അസോസിയോഷൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ എന്നിവരുടെ പ്രതിനിധികളുടെ യോഗമാണ് ചേർന്നത്.
18 മുതൽ വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്കുചെയ്യണം.കച്ചവട സാധനങ്ങൾ സ്ഥാപനങ്ങളുടെ മുന്നിലേക്കുള്ള ഫുഡ്പാത്തിലേക്കോ റോഡിലേക്കോ ഇറക്കി വയ്ക്കുവാൻ പാടുള്ളതല്ല. മെയിൻ റോഡ്, ആർ കെ ജംഗ്ഷൻ – സെന്റ് ജോസഫ് റോഡ്, ചിന്നക്കട – ആർ കെജംഗ്ഷൻ എന്നീ റോഡുകളിലെ വണ്‍വേ വയലേഷൻ കർശനമായി നിരോധിക്കുന്നതാണ്.
ചാമക്കട – പായിക്കട റോഡുകളിലെ ലോഡിംഗ്, അണ്‍ലോഡിംഗ് വേഗത്തിൽ നടത്തണം. സെന്റ് ജോസഫ് ജംഗ്ഷൻ, കടപ്പാക്കട എന്നിവിടങ്ങളിലെ പ്രൈവറ്റ് ബസുകളുടെ യൂ ടേണ്‍ പൂർണമായും നിരോധിക്കും. എസ് എം പി റെയിൽവെ ഗേറ്റ് വഴിയുള്ള പ്രൈവറ്റ് ബസ് ഗതാഗതം നിയന്ത്രിക്കുന്നതാണ്. എ ആർ ക്യാന്പ് ജംഗ്ഷനിൽ പ്രൈവറ്റ് ബസുകളുടെ യൂ ടേണ്‍ നിരോധിക്കും.
ബസ് ബേ, ആർ പി മാൾ, ജോയ് ആലുക്കാസ് എന്നിവിടങ്ങളിലെ ഓട്ടോ റിക്ഷകളുടെ അനധികൃത സ്റ്റാന്റുകൾ നിരോധിക്കുംആർ കെ – സെന്റ് ജോസഫ് ജംഗ്ഷൻ, എസ് എൻ വുമണ്‍സ്, കർബല എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കോർപ്പറേഷൻ അധികാരികൾക്ക് റിപ്പോർട്ട് നൽകും.
ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും മറ്റും 18 മുതൽ കൂടുതൽ പോലീസിനെ നഗരപരിധിയിൽ നിയോഗിക്കും. പള്ളിമുക്ക് ജംഗ്ഷനിൽ ഓഡിറ്റോറിയങ്ങൾക്ക് മുന്‍പിലുള്ള റോഡിൽ വാഹനപാർക്കിംഗ് കർശനമായി നിരോധിക്കും. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് മേധാവി ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.