കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശാശ്വത പരിഹാരമാർഗങ്ങളെക്കുറിച്ച അധികൃതർ ആലോചിക്കുന്നതേയില്ല. പ്രാഥമികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പോലും ചെയ്യുന്നില്ല എന്നാണ് ആക്ഷേപം. സ്ഥലമുള്ള ഇടങ്ങളിൽ ബസ് ബേ സ്ഥാപിച്ചാൽ കുരുക്കഴിക്കാൻ കഴിയും. എന്നാൽ ബസ് ബേ നിർമിച്ച ശേഷം അവ പൊളിച്ചു മാറ്റുന്നത് കോട്ടയത്തല്ലാതെ മറ്റൊരിടത്തും കാണില്ല.
അനശ്വര തിയറ്ററിനു മുന്നിൽ സ്ഥാപിച്ച ബസ് ബേ പിന്നീട് അവിടെ നിന്ന് നീക്കി. തിരുനക്കര ബിഎസ്എൻഎൽഓഫീസിനു മുന്നിലെ സ്റ്റോപ്പ് അനശ്വര തിയറ്റിനു സമീപത്തേക്ക് മാറ്റാനായിരുന്നു നിർദേശം. ഇതിനാണ് പുതിയ ബസ്ബേ നിർമിച്ചത്. തിരുനക്കര ഭാഗത്തെ കുരുക്കഴിക്കാൻ കഴിയുന്നതായിരുന്നു ഈ തീരുമാനം.
പക്ഷേ പുതിയ ബസ് ബേ നിർമിച്ചെങ്കിലും ബസ് സറ്റോപ്പ് മാറ്റിയില്ല. ഒടുവിൽ ബസ് ബേ തന്നെ പൊളിച്ചു നീക്കി. അത്തരം തുഗ്ലക് പരിഷ്കാരങ്ങളാണ് കോട്ടയം നഗരത്തിൽ നടപ്പാക്കുന്നത്. ഇതാരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് വ്യക്തമല്ല. കോട്ടയം നഗരത്തിൽ ഒരിടത്തും ബസ്ബേയില്ല. ബസ് ബേ നിർമിക്കാൻ ഇടമുള്ളിടത്തു പോലും നിർമിച്ചിട്ടില്ല. ആകെയുള്ളത് ശാസ്ത്രി റോഡിൽ മാത്രമാണ്.
കോട്ടയം നഗരത്തിലെ പ്രശ്നം ബസ് നിർത്തിയിട്ടാൽ പിന്നാലെ വരുന്ന ബസുകൾക്ക് പോകാൻ കഴിയില്ല എന്നതാണ്. ബസ്ബേയുണ്ടെങ്കിൽ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയും. പൊതുമരാമത്ത്, പോലീസ് , നഗരസഭ എന്നിവർ ഒത്തു ചേർന്നാലേ നഗരത്തിലെ കുരുക്കഴിക്കാൻ കഴിയു. ഇനി എന്നാണ് ഇവർ ഒത്തു ചേർന്ന് ഒരു സംയുക്ത തീരുമാനമെടുക്കുക എന്നു വ്യക്തമല്ല.
ബേക്കർ ജംഗ്ഷനു സമീപം കുമരകം റോഡ് ആരംഭിക്കുന്ന സ്ഥലത്ത് ബസ്ബേയ്ക്ക് സ്ഥലമുണ്ട്. ഇവിടെ ബസ്ബേ നിർമിക്കുന്നതിന് ഒരു തടസവുമില്ല. ഇപ്പോൾ ഓടയുടെ മൂടിക്ക് ബലക്ഷയമുള്ളതിനാലാണ് വാഹനങ്ങൾ കയറ്റിയിടാത്തത്. അല്ലായിരുന്നുവെങ്കിൽ ബസ് കുറെക്കുടി റോഡ് സൈഡിലേക്ക് മാറ്റി നിർത്താമായിരുന്നു. മിക്ക റോഡുകളിലും സ്ഥിതി ഇതു തെന്നെയാണ്.