കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നൂതന നിർദേശങ്ങളുമായി ബസുടമകൾ ജില്ലാ ഭരണാധികാരികൾക്ക് നിവേദനം നല്കി. എന്നാൽ ഇതുവരെ യോഗം വിളിച്ചു ചേർത്ത് ഇക്കാര്യത്തിൽ ചർച്ച നടത്തിയില്ല. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ കളക്്ടർക്കും ജില്ലാ പോലീസ് ചീഫിനും ആർടിഒ യ്ക്കുമാണ് നിവേദനം നൽകിയത്.
നഗരത്തിൽ വാഹന ബാഹുല്യം മൂലം അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചർച്ച ചെയ്തു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. ഗതാഗതക്കുരുക്കിനു പരിഹാരം നിർദേശിച്ചുള്ള നിർദേശങ്ങളും നിവേദനത്തോടൊപ്പം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് മൂലം ദിവസവും ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവാണ്.
ട്രിപ്പുകൾ മുടങ്ങുകയും സമയം തെറ്റി ഓടുകയും ചെയ്യുന്നതോടെ ബസ് ജീവനക്കാർ തമ്മിൽ വഴക്കുണ്ടാകുന്നതും പതിവായിരിക്കുകയാണ്. കെകെ റോഡുവഴി വരുന്ന ദീർഘദൂര ബസുകൾ പഴയതുപോലെ ലോഗോസ് ജംഗ്ഷനിൽ ആളിറക്കി ശാസ്ത്രി റോഡുവഴി നാഗന്പടത്ത് എത്തുക.
കെഎസ് ആർടിസിയും ഇതേപോലെ വന്നു കഐസ്ആർടിസി സ്റ്റാൻഡിൽ എത്തുക, തെക്കോട്ടു പോകുന്ന വാഹനങ്ങൾ എംഎൽ റോഡുവഴി പോകാതെ പഴയതുപോലെ സെൻട്രൽ ജംഗ്ഷൻ വരെയാക്കുക, കോഴിച്ചന്ത ഭാഗത്ത് വണ്വേ ആക്കുക, ബേക്കർ ജംഗ്ഷനിലെ ബസ്സ്റ്റോപ്പ് മുന്നോട്ടു മാറ്റുക തുടങ്ങിയ നിരവധി നിർദേശങ്ങൾ നിവേദനത്തിൽ പറയുന്നുണ്ട്.
നിവേദനം നൽകിയിട്ടും യോഗം വിളിച്ചു കൂട്ടാത്ത അധികൃതരുടെ നടപടിയിൽ ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് ജോസുകുട്ടി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി ഉദ്ഘാടനം ചെയ്തു. എ.സി. സത്യൻ, എം.എൻ. ശശിധരൻ, തങ്കച്ചൻ വാലേൽ, ഷെബി കുര്യൻ, സജി താന്നിക്കൽ, വി.സി. സൈബു, റോണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.