കോട്ടയം: നഗരത്തിലെ ഗതാതഗക്കുരുക്കിനു പരിഹാരമില്ല. വലയുന്നത് യാത്രക്കാർ. ഇന്നലെ പകൽ നഗരത്തിലും പരിസര ടൗണുകളിലും അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
എംസി റോഡിൽ ചിങ്ങവനം ചന്തക്കവലയിലും സിമന്റ് കവലയിലും നഗരത്തിലും നാഗന്പടം പാലം ഭാഗത്തും ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. കെകെ റോഡിൽ കഞ്ഞിക്കുഴി മുതൽ തിരുനക്കരവരെ വലിയ കുരുക്കാണ് അനുഭവപ്പെട്ടത്.
എംസി റോഡിൽ നാഗന്പടം പാലത്തിനും റെയിൽവേ മേൽപാലത്തിനും ഇടയിലുള്ള ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴികളാണ് ഗതാഗതക്കുരുക്കിനു കാരണമായത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടിയിറങ്ങുന്പോൾ ദീർഘസമയം ഏടുക്കും.
ഇതോടെ സീസർ ജംഗ്ഷൻ മുതലും ഇപ്പുറത്ത് എസ്എച്ച് മൗണ്ട് വരെയും ഗതാഗതക്കുരുക്ക് നീണ്ടു. ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വാഹനങ്ങൾ ഇരുവശങ്ങളിലും നിരന്നതോടെ നാഗന്പടം ശരിക്കും കുരുങ്ങി. രാവിലെയും വൈകുന്നേരവുമുണ്ടായ കുരുക്ക് ഏറെ നേരം നീണ്ടു നിന്നു.
റോഡിലെ കുഴികൾ കഴിഞ്ഞദിവസം അധികൃതർ ചെറിയ മെറ്റൽ ഉപയോഗിച്ച് നികത്തിയെങ്കിലും ഫലപ്രദമായില്ല.ചന്തക്കവലയിൽ രൂക്ഷമായ വാഹന കുരുക്ക് ഒഴിവാക്കാൻ അധികൃതർ ബാരിക്കേഡ് സ്ഥാപിച്ചതു കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി ആളുകൾ പറയുന്നു.
ഞാലിയാകുഴി റോഡിൽനിന്നും ചന്തക്കടവിലേക്ക് പോകുവാനും തിരിച്ചും സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസിലേക്കു കടക്കുന്നതും തിരിച്ച് എംസി റോഡിലേക്ക് കയറുന്നതും ഏറെ ദുഷ്കരമാണ്. റോഡിനു വീതി കുറവാണു ഇവിടുത്തെ പ്രധാന പ്രശ്നം. എംസി റോഡിൽ കുരുക്കിലകപ്പെടുന്ന വാഹനങ്ങളുടെ നീണ്ട നിരയാണു പലപ്പോഴും.