കുമരകം: കുമരകം റോഡ് നിശ്ചലമാക്കി ദിവസങ്ങളായി തുടരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ കോണത്താറ്റ് പാലത്തിന് ഇരുവശങ്ങളിലുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
ഒരേ സമയം ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന കോണത്താറ്റ് പാലമാണ് കുമരകം റോഡിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുമരകത്തേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയതും എംസി റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോറസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കുമരകം റോഡിലൂടെ ഗതാഗതം നടത്തുന്നതുമാണ് കുരുക്ക് നിയന്ത്രണാധീതമാക്കുന്നത്.
കോണത്താറ്റ് പാലത്തിന്റെ വീതി കുറവും പാലത്തിലും ചന്തക്കവലയിലും മാസങ്ങളായി രൂപപ്പെട്ട കുഴികളും വാഹനയാത്രക്കാർക്ക് മണിക്കുറുകൾ കൊടും ചൂടിൽ പാഴാക്കേണ്ടിവരുന്നു.
കുമരകത്ത് ട്രാഫിക് പോലീസുകാരില്ല. ആകെയുളള 35 പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ ഭാരിച്ച ജോലികൾക്ക് പുറമേയാണ് ഗതഗാത നിയന്ത്രണവും നടത്തേണ്ടി വരുന്നത്.
ഇപ്പോൾതന്നെ ചന്ത കവലയിലും ഇല്ലിക്കൽ കവലയിലും മറ്റും ഗതാഗത നിയന്ത്രണത്തിനായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കോണത്താറ്റ് പാലത്തിന്റെ ഇരുകരകളിലും രണ്ട് പോലീസുകാരെ കൂടി നിയമിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ കൂടുതൽ എത്തുന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് ബുദ്ധിമുട്ട് ഏറുകയാണ്.