മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസന പ്രവൃത്തികളെ തുടർന്ന് കുമരംപുത്തൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുമരംപുത്തൂർ ഭാഗത്താണ് റോഡ് നിർമാണകന്പനിയുടെ ജോലികൾ പുരോഗമിക്കുന്നത്.ഇന്നലെ രാവിലെമുതൽ രാത്രിവരെയും ഇവിടെ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു.
അലനല്ലൂർ-മേലാറ്റൂർ റോഡ്, ദേശീയപാതയിൽ കോഴിക്കോട് റോഡ്, പാലക്കാട് റോഡ് എന്നിവയെല്ലാംകൂടി സംഗമിക്കുന്ന ഭാഗമാണ് കുമരംപുത്തൂർ ജംഗ്ഷൻ. ഇതുമൂലം നിരവധിയാളുകളാണ് ഇന്നലെ വലഞ്ഞത്. ടാറിംഗ് പ്രവൃത്തികളാണ് റോഡിൽ ഇന്നലെ നടന്നത്. ഇതിനാൽ ഒരുവരിയായി മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. മൂന്നു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഒരുമിച്ച് എത്തിയതോടെ ജംഗ്ഷനിൽ വൻഗതാഗത കുരുക്ക് രൂപപ്പെട്ടു.
ഗതാഗതകുരുക്ക് രൂക്ഷമായിട്ടും നിർമാണ കന്പനിയുടെ ഒരാൾ മാത്രമാണ് ഗതാഗതം തിരിച്ചുവിട്ടിരുന്നത്. പോലീസുകാർ ആരും തന്നെ കുരുക്ക് പരിഹരിക്കാൻ ഉണ്ടായിരുന്നില്ല. അഞ്ചുമിനിറ്റ് മുതൽ മുതൽ 20 മിനിറ്റോളമാണ് ദേശീയപാതയിൽ തടസം നേരിട്ടത്.
ഉച്ചയായതോടെ ഗതാഗതക്കുരുക്ക് നീണ്ട് കല്ലടി സ്കൂൾ വരെയെത്തി. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ മറ്റു പലയിടത്തും റോഡുപണി പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ ഒരുഭാഗം തീർത്തും പൂർത്തിയാക്കി റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം നിർമാണം നടക്കുന്ന ഭാഗങ്ങളിൽ അപകട സാധ്യതയേറും.