വടക്കഞ്ചേരി: പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയ കുതിരാനിൽ വാഹനക്കുരുക്കും. വണ്‍വേ ആയാണ് വാഹനങ്ങൾ വിടുന്നത്. പല വാഹനങ്ങളും പതിനഞ്ചോ ഇരുപതോ മിനിറ്റു നേരം ഉൗഴംകാത്തു കിടക്കേണ്ട അവസ്ഥയുണ്ട്.
ബസുകളും കാറുകളും ഉൾപ്പെടെ എല്ലാ ചെറിയ വാഹനങ്ങളും കുതിരാൻ ക്ഷേത്രംവഴി തന്നെയാണ് വിടുന്നത്. പാലക്കാടുനിന്നും തൃശൂർ ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങൾ മാത്രമാണ് ഇന്നലെ ഇടതു തുരങ്കപ്പാതയിലൂടെ കടത്തിവിട്ടത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ കുറച്ചു മണിക്കൂറുകൾ തുരങ്കപ്പാതയിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചു. കുതിരാനിൽ വൻസുരക്ഷാ സന്നാഹങ്ങളോടെയാണ് പവർഗ്രിഡ് കോർപറേഷൻറെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം പുരോഗമിക്കുന്നത്.
ഫെബ്രുവരി, മാർച്ചിൽ രണ്ടു ഘട്ടങ്ങളിലായി വാഹനനിയന്ത്രണത്തോടെ കുതിരാൻകുന്നിലെ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ഇന്നലത്തെയും ഇന്നത്തെയും ഗതാഗത നിയന്ത്രണം.