മാന്നാർ: ഗതാഗത തിരക്ക് അനുദിനം വർധിക്കുന്ന മാന്നാറിൽ കുരുക്കഴിക്കുവാൻ ഇനിയും സംവിധാനമില്ല. മാന്നാറിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി 30 വർഷം മുന്‍പ് ലയണ്‍സ് ക്ലബ് നിർമിച്ച് ട്രാഫിക് ഐലൻഡാണ് ഇപ്പോഴുമുള്ള ഏക മാർഗം.
ട്രാഫിക് ഐലൻഡ് നിർമിക്കുന്ന കാലത്ത് മാന്നാറിൽ വാഹനങ്ങളുടെ ബാഹുല്യം ഉണ്ടായിരുന്നില്ല. അക്കാലത്ത് വീതി കുറഞ്ഞ റോഡുകളുമായിരുന്നതിനാൽ ട്രാഫിക് നിയന്ത്രിക്കേണ്ടി വന്നാൽ ഈ ഐലൻഡിൽ നിന്നും പോലീസിന് ഗതാഗതം നിയന്ത്രിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നിവിടെ നിന്നും ഗതാഗതം നിയന്ത്രിക്കുവാൻ കഴിയുന്നില്ല.
നാലു വശങ്ങളിലൂടെയും വരുന്ന വാഹനങ്ങൾ ഐലന്റിൽ നിന്നാൽ കാണുവാൻ കഴിയില്ലെന്ന് മാത്രമല്ല റോഡിൽ ഇറങ്ങി നിന്നു ഗതഗതം നിയന്ത്രിച്ചാലെ ഇപ്പോൾ കാര്യമുള്ളു. 30 വർഷം മുന്‍പ് നിർമിച്ച ഐലൻഡ് ഇപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പ്രധാന പരിപാടികൾ വരുന്പോൾ കൊടിതോരണങ്ങൾ കെട്ടുവാനുള്ള സ്ഥലമായി ഇത് മാറിയിട്ടുണ്ട്. ഇപ്പോൾ ഗതഗതക്കുരുക്ക് രൂക്ഷമാകുന്പോൾ ഹോംഗാർഡുകളെ കൂടാതെ സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയാണ് നിയന്ത്രിക്കുന്നത്.
മാന്നാറിന്റെ സമീപ പ്രദേശങ്ങളിലെല്ലാം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുന്പോൾ ഇവിടെ ഇനിയും ഇതിനെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. അടിയന്തരമായി ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്ക് അഴിക്കുവാൻ ശാസ്ത്രീയമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.