മൂവാറ്റുപുഴ: നഗരത്തിൽ ഗതാഗത പരിഷ്കരണ സംവിധാനം താളംതെറ്റിയതോടെ നഗരത്തിലെത്തുന്ന ആയിരക്കണക്കിനു യാത്രക്കാർ വലയുന്നു. മൂവാറ്റുപുഴ മാർക്കറ്റ്, നെഹ്റു പാർക്ക്, അരമന ജംഗ്ഷൻ തുടങ്ങിയിടങ്ങളിലാണ് പ്രശ്നം കൂടുതൽ സങ്കീർണം. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ മൂവാറ്റുപുഴ മാർക്കറ്റ് ജംഗ്ഷനിൽ വണ്‍ വേ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരിഞ്ഞുപോകണമെന്നു കാണിച്ച് ജംഗ്ഷനിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവയൊന്നും നിലവിൽ ഫലം ചെയ്യാത്ത സാഹചര്യമാണ്. മൂവാറ്റുപുഴ നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾക്കായി വണ്‍വേയായി മാർക്കറ്റിനു മറുവശത്തു കൂടി പ്രത്യേകം പാത ഒരുക്കിയിട്ടുണ്ട്. കാറുകളും മറ്റും നിയമം ലംഘിച്ചു തെറ്റായ ദിശയിൽ ഇവിടെ പ്രവേശിക്കുന്നതാണ് പലപ്പോഴും പ്രശ്നത്തിനു കാരണമാകുന്നത്.
നഗരസഭ അധികാരികളുടെയും ട്രാഫിക് ഉദ്യോഗസ്ഥരുടെയും ആവശ്യമായ ശ്രദ്ധ പ്രശ്നത്തിലുണ്ടാകാത്തതു പ്രശ്നം രൂക്ഷമാക്കുന്നതായി നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. സഹകരണ ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയയിടങ്ങളിലേക്കെത്തുന്നവർക്കു ഗതാഗതക്കുരുക്ക് വൻ പ്രതിസന്ധിയാണ്. എറണാകുളം, പെരുന്പാവൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ബൈപാസിലേക്കു പ്രവേശിക്കുന്ന ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
സൂചനാ ബോർഡിന്റെ അഭാവമാണ് ഇവിടെ പ്രശ്നം വർധിപ്പിക്കുന്നത്.വാഹനങ്ങൾ നിയമങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും തിരിയുന്നത് അപകടങ്ങളും ഉണ്ടാക്കുന്നു. നെഹ്റു പാർക്ക് ജംഗ്ഷനിൽ ഒരുസമയം ഒരു ബസ് മാത്രമേ പാർക്കു ചെയ്തു യാത്രക്കാരെ കയറ്റാവൂ എന്നുണ്ട്. ഇതിനുപകരം നിരവധി ബസുകളാണ് ഇവിടെ ഒരേസമയം എത്തുന്നത്.
കച്ചേരിത്താഴത്തെ മീഡിയനുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതു മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നഗരത്തിലെ പ്രധാന പാതയോരങ്ങളിലെ കൈയേറ്റങ്ങളാണ് ഗതാഗതക്കുരുക്കിനു മറ്റൊരു കാരണം. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ടു നഗരസഭ മുന്‍പ് തീരുമാനമെടുത്തെങ്കിലും നടപടി കാര്യക്ഷമമാക്കിയിട്ടില്ല. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു വ്യാപാരികളടക്കം അധികൃതർക്കു പരാതി നൽകിയതിനും നടപടിയില്ല.