കോട്ടയം: നഗരത്തിലെ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നാഗന്പടത്ത് ദിവസവും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതു 10 പോലീസുകാരാണ്. ഒരു എസ്ഐ ഉൾപ്പെടെയാണു ഇവിടെ രാവിലെ മുതൽ രാത്രി വരെ 10 പോലീസുകാർ സേവനം ചെയ്യുന്നത്. കൂടുതൽ കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ കണ്ട്രോൾ റൂം പോലീസും സേവനം ചെയ്യുന്നുണ്ട്.
സീസർ പാലസ് ജംഗ്ഷൻ മുതൽ ചെന്പരത്തിമൂട് ജംഗ്ഷൻ വരെയാണു പോലീസ് വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള മേൽപ്പാലത്തിലും പഴയ ബസ് സ്റ്റോപ്പിലും പോലീസുകാർ നില്ക്കുന്നതു കൊണ്ടു മാത്രമാണു അപകടങ്ങൾ ഉണ്ടാകാത്തത്.
ഏറ്റുമാനൂർ റോഡിലെ ബസ് സ്റ്റോപ്പ് മീനച്ചിലാറിനു കുറകെയുള്ള പാലത്തിന്റെ അപ്പുറത്തേക്കു അധികൃതർ മാറ്റി സ്ഥാപിച്ചിരുന്നു. ഇപ്പോഴും പഴയ ബസ് സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാരെ പോലീസുകാർ എത്തിയ പുതിയ ബസ് സ്റ്റോപ്പിലേക്കു പറഞ്ഞുവിടേണ്ട അവസ്ഥയാണ്.
ഏറെ തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരങ്ങളിലും ട്രാഫിക് പോലീസ് ബുദ്ധിമുട്ടുകയാണ്. കുരുക്ക് രൂക്ഷമായിരിക്കുന്ന സമയങ്ങളിൽ രോഗികളുമായി എത്തുന്ന ആംബുലൻസ് പോലീസ് കടത്തിവിടുന്നത് ഏറെ വിയർപ്പൊഴുക്കിയാണ്. ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്കു നിരന്തരമായി പൊടിയടിക്കുന്നതു കൊണ്ടു കണ്ണിനു അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്.