നെന്മാറ: പുതിയ ഉത്തരവിലെ അവ്യക്തതമൂലം മംഗലം-ഗോവിന്ദാപുരം പാതയുടെ വികസനം സംബന്ധിച്ചു ഇതുവരെ വ്യക്തതയായില്ല. നെന്മാറയിലും കൊല്ലങ്കോടും പലയിടങ്ങളിലുള്ള ഇടുങ്ങിയ റോഡാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
കേന്ദ്ര ഗതാഗത-ദേശീയപാത മന്ത്രാലയം ആസൂത്രണവിഭാഗം കഴിഞ്ഞമാസം പുറത്തിറക്കിയ ഉത്തരവിൽ ദേശീയപാത നിർമിക്കുന്പോൾ വാഹനത്തിരക്ക് പരിശോധിച്ച് രണ്ടുവരിപ്പാതയാണെങ്കിൽ 25-30 വർഷത്തിനുള്ളിലെ തിരക്കു മുന്നിൽകണ്ട് 45 മീറ്റർ വീതിയിൽ സ്ഥലം കണ്ടെത്തണമെന്നാണു സംസ്ഥാനങ്ങൾക്കു നല്‍കിയിരുന്ന നിർദേശം.
ഉത്തരവ് ശ്രദ്ധയിൽപെട്ടതോടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉന്നതോദ്യോഗസ്ഥരെ നേരിൽകണ്ട് വിവരങ്ങൾ ആരായുകയുണ്ടായെങ്കിലും അവ്യക്തത നിലനില്ക്കുന്നു. ഇതുസംബന്ധിച്ചു അന്വേഷണത്തിൽ മംഗലം-ഗോവിന്ദാപുരം പാത ദേശീയപാതയുടെ ഉപപാതയാണെന്നും പരമാവധി 20 മീറ്റർ വീതി മാത്രമാണു പരിഗണിച്ചതെന്നകാര്യം ആവർത്തിച്ചതായും പറയുന്നു.
അലൈൻമെന്റ് സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട സംസ്ഥാന സർക്കാർ ഉടനേ നയം വ്യക്തമാക്കണമെന്നാവശ്യം ചെവികൊണ്ടില്ലെന്നതാണ് ജനങ്ങളെ ഏറെ വലയ്ക്കുന്നത്. മംഗലം-ഗോവിന്ദാപുരം ദേശീയപാതയുടെ പുതിയ ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ വിഷയവുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനങ്ങളുടേയും വസ്തുക്കളുടേയും ക്രയവിക്രയങ്ങളും ലോണ്‍ സംബന്ധമായ പദ്ധതികളുടെ നടപടികൾ നടപ്പിലാകാത്തതും ജനങ്ങളെ ഏറെ ആശങ്കയിലാക്കുന്നു.