ഒറ്റപ്പാലം: ട്രാഫിക് പരിഷ്കാരം ഫലം കാണാത്തതിനാൽ നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. അഴിയാക്കുരുക്കായി ഗതാഗതതടസം ഇപ്പോഴും തുടരുകയാണ്. വണ്‍വേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനബാഹുല്യം പ്രതിസന്ധി വർധിപ്പിക്കുകയാണ്. പുതിയതായി നഗരത്തിൽ അനുവർത്തിക്കുന്ന ട്രാഫിക് പരിഷ്കാരം ഗുണകരമാണെന്ന ധാരണ പരന്നെങ്കിലും ഇതുകൊണ്ടൊന്നും പ്രശ്നത്തിനു പരിഹാരമാകുന്നില്ല.
രണ്ടുവാഹനങ്ങൾ ഒരുമിച്ച് നഗരത്തിനുള്ളിൽ ഒരേസമയം പ്രവേശിച്ചാൽ വാഹനഗതാഗതം താറുമാറാകും. വണ്‍വേയാണെങ്കിലും വലിയ വാഹനങ്ങൾക്ക് ഇത് ബാധകമല്ല. പത്തുപേർ പോലുമില്ലാത്ത പ്രകടനം വഴിയും നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്.
അത്യാസന്ന നിലയിലായ രോഗികളെയും മറ്റും വഹിച്ചെത്തുന്ന ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപെട്ട് കിടക്കുന്ന സ്ഥിതിയാണ്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിന്റെ പ്രവേശനകവാടത്തിൽ കലുങ്കുനിർമാണം നടക്കുന്നതുമൂലം താലൂക്ക് ഓഫീസ് പരിസരത്തുണ്ടായിരുന്ന ഓട്ടോസ്റ്റാൻഡ് നഗരത്തിനുള്ളിൽ ആക്കിയതാണ് ഗതാഗതതടസം രൂക്ഷമാകാൻ പ്രധാനകാരണം. കുളപ്പുള്ളിയിൽനിന്നും വരുന്ന ബസുകൾ, ലോറികൾ എന്നീ വലിയ വാഹനങ്ങൾ ഒഴികേയുള്ള മോട്ടോർ ബൈക്ക് ഉൾപ്പെടെയുള്ളവ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിനു സമീപത്തെത്തി സെൻഗുപ്ത റോഡുവഴി പോകണമെന്നാണ് വ്യവസ്ഥ. ഈ വഴിയിൽ ഒറ്റവരി സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചെർപ്പുളശേരി ഭാഗത്തുനിന്നും വരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ ടി.ബി.റോഡുവഴി നേരിട്ട് നഗരത്തിൽ പ്രവേശിക്കണം. ബസ് സ്റ്റാൻഡിൽനിന്നും പുറത്തുപോകുന്ന ബസുകൾക്ക് പാലക്കാടു ഭാഗത്തേക്ക് വണ്‍വേ ബാധകമല്ല.പാലക്കാടുഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു നേരിട്ട് നഗരത്തിൽ പ്രവേശിക്കാം.
അതേസമയം ചെർപ്പുളശേരി ഭാഗത്തേക്കു പോകുന്ന ബസുകളും വലിയ വാഹനങ്ങളും ലക്ഷ്മി തിയേറ്റർവഴി സെൻഗുപ്ത റോഡിലൂടെ പോകണമെന്നാണ് നിലവിലെ ഗതാഗതരീതി.എന്നാൽ നഗരത്തിനുള്ളിലെ ഓട്ടോറിക്ഷകളും ബൈക്ക് യാത്രികരുമാണ് നിലവിലുള്ള സംവിധാനത്തിൽ പലപ്പോഴും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. ഒറ്റപ്പാലത്ത് നിർദിഷ്ട ബൈപാസ് പദ്ധതി നിലവിൽ വന്നാൽ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ.