പുതുനഗരം: സിഗ്നൽ ജംഗ്ഷൻമുതൽ ഇരുന്നൂറുമീറ്റർ ദൈർഘ്യമുള്ള റെയിൽവേ മേല്പാലം വരെ വീതികുറഞ്ഞ റോഡിൽ ഗതാഗതതടസം വർധിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽനിന്നും അത്യാസന്ന നിലയിൽ രോഗികളുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.
വീതികുറഞ്ഞ റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങളും കാറുകളും അനധികൃതമായി നിർത്തിയിടുന്നതും വാഹനസഞ്ചാരത്തിന് തടസമാകുന്നു. സിഗ്്നൽ ജംഗ്ഷനിൽനിന്നും പച്ചവിളക്കുതെളിഞ്ഞു മുന്നോട്ടു കുതിക്കുന്ന വാഹനങ്ങൾ വീണ്ടും മേല്പാലത്തെ കുരുക്കിൽ അകപ്പെടുന്നതും പതിവു ദൃശ്യമാണ്.
ഗതാഗതതടസത്തിൽ അകപ്പെട്ട് വൈകിയോടുന്ന ബസ് ജീവനക്കാർ തമ്മിൽ സമയവ്യത്യാസത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാകാറുണ്ട്. മേല്പാലത്തിനു സമീപത്ത് ഹോംഗാർഡിനെ നിയോഗിച്ച് വാഹനസഞ്ചാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ വീതികുറവുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്.
റോഡിന് ഇരുവശത്തെയും അഴുക്കുചാലുകൾ മൂടി ടാറിംഗ് നടത്തിയാൽ റോഡിനു വീതികൂട്ടാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലുണ്ടാകുന്ന ഗതാഗതതടസത്തിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.