പന്തളം: കുറുന്തോട്ടയം പാലം പുനര്‍നിര്‍മാണത്തിനായി കഴിഞ്ഞ നാല് മാസമായി എംസി റോഡ് അടച്ചിട്ടിരിക്കുന്നത് മൂലമുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കെ, തിടുക്കത്തില്‍ പന്തളം നഗരത്തിലെ ഓട നിര്‍മാണത്തിന് പിഡബ്ല്യുഡി തുടക്കമിട്ടത് വഴിയാത്രക്കാരെ വലച്ചു. ഉപവഴികളായ തുമ്പമണ്‍-കുളനട റോഡിലും തോന്നല്ലൂര്‍-കടയ്ക്കാട് റോഡിലും ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായും കവലയിലെ സമാന്തരപാതയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കെയാണ് കവലയില്‍ ഓട നിര്‍മാണം തുടങ്ങിയത്.
സ്വകാര്യ ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനവഴി ഇന്നലെ അധികൃതര്‍ അടച്ചു. സ്റ്റാന്റില്‍ നിന്ന് പുറത്തേക്കുള്ള ഇടുങ്ങിയ പാതയിലൂടെയാണ് ബസുകളും ഇരുചക്രവാഹനയാത്രികരും കാല്‍നട യാത്രികരും ഇപ്പോള്‍ കടന്നു പോകുന്നത്. പൊതുവെ കുരുക്കില്‍ പെട്ടിരുന്ന നഗരത്തില്‍ ഇതോടെ ഗതാഗതക്രമീകരണം സങ്കീര്‍ണമായി. രണ്ട് പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്കായി നിയോഗിച്ചെങ്കിലും പലപ്പോഴും ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകുന്നേരം സ്ഥിതി രൂക്ഷമായതോടെ സ്ഥലത്തെത്തിയ പോലീസ്, സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.
ബസുകള്‍ കവലയില്‍ തന്നെ നിര്‍ത്തിയിട്ടതോടെ സ്ഥിതി വീണ്ടും രൂക്ഷമാവുകയായിരുന്നു. കുറുന്തോട്ടയം പാലം നിര്‍മാണം നടക്കുന്നതിനിടയില്‍ കവലയിലെ ഓട നിര്‍മാണത്തിനു തുടക്കമിട്ട പിഡബ്ല്യുഡി അധികുതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.