ശ്രീകണ്ഠപുരം: തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളെ തുടര്‍ന്ന് ശ്രീകണ്ഠപുരം ടൗണില്‍ ഗതാഗതപരിഷ്കാരം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പായില്ല. സെന്‍ട്രല്‍ ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറുകള്‍ പൊളിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളാണ് വൈകുന്നത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഗതാഗതപരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പതിവാണ് ഇവിടെയും അധികൃതര്‍ ആവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡില്‍ അനധികൃത പാര്‍ക്കിംഗ് നിരോധിച്ച ഭാഗങ്ങളില്‍ ഇപ്പോള്‍ പാര്‍ക്കിംഗിന് ഒരു വിലക്കുമില്ല.
പയ്യാവൂര്‍ റോഡില്‍ വ്യാപാരഭവന് മുതല്‍ ഓടത്തുപാലം ജംഗ്ഷന് വരെ റോഡിന്റെ ഒരു ഭാഗത്താണ് പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇപ്പോള്‍ ഇരുഭാഗത്തും പാര്‍ക്കിംഗ് ഉണ്ട്. മിക്കപ്പോഴും ഇവിടെ ഗതാഗതസ്തംഭനവും പതിവാണ്. ശ്രീകണ്ഠപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലും അനധികൃത പാര്‍ക്കിംഗ് ഉണ്ട്. നിടിയേങ്ങ ബാങ്കിന്റെ പഴയകെട്ടിടത്തിന്റെ മുന്‍ഭാഗത്ത് മഖാമിന് സമീപം അനുവദിച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതതടസിനു കാരണമാണ്.
ബസ്സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭയുടെ രണ്ടു ഷോപ്പിംഗ് കോംപ്ലക്സുകള്ക്കുമിടയിലുള്ള റോഡില്‍ ജീപ്പ് പാര്‍ക്കിംഗിനായി നീക്കിവച്ച സ്ഥലത്ത് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു തടയുന്നില്ല. ഈ ഭാഗത്ത് ഗതാഗതത്തിന് തടസമാകുംവിധം ചില വ്യാപാരസ്ഥാപനങ്ങളുടെ റോഡ് കൈയേറ്റവും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. തെരുവുകച്ചവടക്കാര്‍ ഷെഡ് കെട്ടി കച്ചവടം നടത്തുന്നതും ഗതാഗത സ്തംഭിപ്പിക്കുകയാണ്.
നഗരസഭ, പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, വ്യാപാരികള്‍, തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗമാണ് രണ്ടുമാസം മുമ്പ് ഇവിടെ ഗതാഗതപരിഷ്കാരം തീരുമാനിച്ചത്. എന്നാല്‍ ഇതുവരെയും തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കുള്ളത്.