തേഞ്ഞിപ്പലം: ദേശീയപാതയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഇടിമുഴിക്കലിനും തലപ്പാറയ്ക്കും ഇടയിൽ അനധികൃത പാർക്കിംഗ് നിരോധിക്കാൻ നാലുമാസം മുന്പ് തീരുമാനിച്ചിട്ടും നടപ്പായില്ല. പി.അബ്ദുൽ ഹമീദ് എംഎൽഎ വിളിച്ചുചേർത്ത റവന്യു,പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ യോഗത്തിൽ എടുത്ത തീരുമാനമാണ് ഇതുവരെയും നടപ്പാകാത്തത്.
എൻഎച്ചിൽ ഗതാഗത കുരുക്ക് രൂക്ഷമായത് വാർത്തയായതിനെ തുടർന്നായിരുന്നു എംഎൽഎ ഇപെട്ടത്. എംഎൽഎ തന്നെ മുൻകൈ എടുത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ചരക്കുലോറികളും മറ്റും ഇപ്പോഴും പാതയോരം കയ്യടക്കുന്നു. ഇതു കാരണം കാൽനടക്കാർ പലപ്പോഴും റോഡിലേക്കിറങ്ങി പോകേണ്ട അവസ്ഥയാണ്. വാഹനങ്ങൾ നിയന്ത്രണമൊന്നുമില്ലാതെ പോകുന്നതിനാൽ ഗതാഗതക്കുരുക്കും പതിവ്.
ഇടിമുഴിക്കൽ, കാക്കഞ്ചേരി, പാണന്പ്ര, ചേളാരി തുടങ്ങിയ സ്ഥലങ്ങളിൽ അധിക സമയവും കുരുക്ക് തന്നെ. അനധികൃത പാർക്കിംഗ് നിരോധിച്ച് സുഗമമായ ഗതാഗതത്തിന് വഴിതുറക്കാനുള്ള പദ്ധതിയായിരുന്നു യോഗത്തിലെ തീരുമാനം. ഇത് ആര് എങ്ങിനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.
ചേളാരിയിൽ വാഹന പാർക്കിംഗിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം വിനിയോഗിക്കാൻ തീരുമാനിച്ചു എന്നത് ഒഴിച്ചാൽ മറ്റു കാര്യങ്ങളിൽ നടപടിയില്ല. ഓട്ടോറിക്ഷകളുടെ പാർക്കിംഗ് ക്രമീകരണം, ടാക്സി, മറ്റു ഗുഡ്സ് വാഹനങ്ങൾക്കെല്ലാം പരിഷ്കാരം നടപ്പാക്കാനായിരുന്നു ധാരണ. അക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ചപോലും ഉണ്ടായിട്ടില്ല.
‘