തിരുവല്ല: അധ്യയന വർഷവും മഴക്കാലവും ആരംഭിച്ചതോടെ തിരുവല്ല നഗരത്തിൽ ഗതാഗതക്കുരുക്കിന്റെ ദൈർഘ്യമേറി. ഗതാഗതക്കുരുക്കില്‍ നിന്നും കടന്നുപോകാനാകാതെ യാത്രക്കാര്‍ വീര്‍പ്പുമുട്ടുകയാണ്. പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയായതിനാൽ ആംബുലൻസുകളും കുരുക്കിൽപ്പെടുന്നു.സ്കൂൾ കൂടി തുറന്നതോടെ ഏറെ സമയം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.
എംസി റോഡിലും മല്ലപ്പള്ളി റോഡിലും ടികെ റോഡിലുമെല്ലാം വാഹനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ ട്രാഫിക് പോലീസും ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പതിവിലും കൂടുതല്‍ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നതെന്ന് ട്രാഫിക്പോലീസും പറയുന്നു. പ്രവൃത്തി ദിവസങ്ങളില്‍ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപെടാന്‍ പാടുപെടുന്ന കാഴ്ചയാണ്.
അശാസ്ത്രീയമായ ഗതാഗത നിയന്തണങ്ങളും അനധികൃത പാര്‍ക്കിംഗും എസ്സിഎസ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് അടിക്കടി പണിമുടക്കുന്നതുമാണ് ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. സ്കൂൾ ബസുകൾ കൂടി എത്തിയതോടെയാണ് ഗതാഗതക്കുരുക്ക് കൂടിയത്.മഴ പെയ്ത് റോഡിൽ വെള്ളക്കെട്ട് നിറഞ്ഞതോടെ നഗരത്തിലെ വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നു.
മഴുവങ്ങാട്ചിറ മുതല്‍ രാമന്‍ചിറ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വാഹനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വരെ കാത്തു കിടക്കേണ്ട അവസ്ഥയാണ്. ദീർഘദൂര യാത്രക്കാരാണ് ഏറ്റവും ദുരിതം നേരിടുന്നത്. നിർമാണത്തിലിരിക്കുന്ന ബൈപാസ് അടിയന്തരമായി പൂർത്തീകരിച്ച് ഭാഗികമായി തുറന്നെങ്കിൽ മാത്രമേ തിരുവല്ലയിലെ കുരുക്കിന് താത്കാലികമായെങ്കിലും പരിഹാരമാകൂ.
മഴ പെയ്തതോടെ നിയന്ത്രണങ്ങളെല്ലാം പാളുന്ന സ്ഥിതിയായി. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടാൽ ബിഎസ്എൻഎൽ കവലയിലോ സാൽവേഷൻ ആർമി ജംഗ്ഷനിലോ മാത്രമേ നിർത്താവൂവെന്ന നിർദേശം പലപ്പോഴും പാലിക്കപ്പെട്ടില്ല. ടികെ റോഡിലെ സേവികാസംഘത്തിന് സമീപം മിക്ക ബസുകളും നിയന്ത്രണം തെറ്റിച്ച് നിർത്തുന്നു.
യു ടേണ്‍ ഒഴിവാക്കുന്നതിനായി നഗരത്തില്‍ എംസി റോഡിലും ടികെ റോഡിലുമായി ട്രാഫിക്ക് പോലീസ് സ്ഥാപിച്ചിരുന്ന ക്യൂബുകള്‍ നീക്കം ചെയ്തതും ഗതാഗതം താറുമാറാകാന്‍ ഇടയാക്കുന്നുണ്ട്.
പാര്‍ക്കിംഗ് നിരോധിത സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ വിമുഖത കാട്ടുന്നതും കുരുക്ക് വര്‍ധിക്കാന്‍ കാരണമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നും ഒന്നിലേറെ ബസുകള്‍ ഒരേസമയം അകത്തേക്കും പുറത്തേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്നതും എംസി റോഡില്‍ തിരക്ക് വർധിപ്പിക്കുന്നു. ട്രാഫിക്ക് പോലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് അഴിച്ചെടുക്കുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്പോള്‍ നഗരത്തോടു ചേര്‍ന്നുള്ള റിംഗ് റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തിരക്ക് കുറയ്ക്കാനാകും. എന്നാല്‍ ഈ റോഡുകള്‍ പലതും ഇടുങ്ങിയതും തകര്‍ന്നും പൊളിഞ്ഞും കിടക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ റോഡുകള്‍ പലതും വികസിപ്പിക്കാന്‍ നഗരസഭയോ മറ്റു ബന്ധപ്പെട്ടവരോ തയാറാകാത്തതും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.