തിരുവല്ല: എംസി റോഡിലെ മുത്തൂരിലെ ഗതാഗതക്കുരുക്കിന്റെ ദൈർഘ്യം പ്രതിദിനം ഏറുന്നു. പെരുന്തുരുത്തി മുതൽ തിരുവല്ല ടൗണ്വരെയുള്ള ഭാഗത്ത് എംസി റോഡ് കടക്കാൻ വേണ്ടിവരുന്നത് മണിക്കൂറുകളാണ്.മുത്തൂർ ജംഗ്ഷൻ മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് കുരുക്കിന് ദൈർഘ്യം കൂടുതൽ. വാഹനത്തിരക്ക് ഏറിവരുന്നതിനനുസരിച്ച് ഗതാഗത പ്രശ്നങ്ങളും രൂക്ഷമാകുന്നു. മുത്തൂരിലെ കുരുക്ക് നീക്കാനുള്ള പരിഹാര മാർഗങ്ങൾ ഏറെ നിർദേശിക്കപ്പെട്ടെങ്കിലും എല്ലാദിവസവും രാവിലെ ഒന്പത് മുതൽ ഉച്ചവരെ മുത്തൂർ കുരുങ്ങിയതു തന്നെയെന്നതാണ് സ്ഥിതി.
ഫ്ളൈ ഓവറോ, ബൈപാസോ ഒന്നുംതന്നെ മുത്തൂർ മറികടക്കാൻ ഇല്ല. തിരുവല്ലയിലെ നിർദിഷ്ട ബൈപാസ് പൂർത്തിയായാലും മുത്തൂർ രക്ഷപെടില്ല. പിന്നീടുള്ള ഏക ആശ്രയം മുത്തൂരിൽ നിന്നുള്ള കുറ്റപ്പുഴ റോഡാണ്. ഇതിലൂടെ വാഹനങ്ങൾ വരികയും പോകുകയും ചെയ്യുന്നത് മുത്തൂരിലെ കുരുക്കി വർധിപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. ടൗണിലെത്താതെ ടികെ റോഡിലേക്കും മല്ലപ്പള്ളി റോഡിലേക്കുമൊക്കെ പോകാനും വരാനുമുള്ള വഴിയാണിത്.
മുത്തൂർ ജംഗ്ഷനിൽ എഎസ്ഐ മാർ ഉൾപ്പെടെ മൂന്നും നാലും പോലീസുകാരെ മുത്തൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എല്ലാദിവസവും ഡ്യൂട്ടിക്ക് ഇടാറുണ്ട്. എന്നാൽ ഇവർ ശ്രമിച്ചതു കൊണ്ട് പ്രശ്ന പരിഹാരമാകുന്നില്ല. പോലീസിനു പകരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നതാണ്. ഇതൊന്നും നടന്നതുമില്ല. അനധികൃത പാർക്കിംഗ്, വഴിയോരക്കച്ചവടം ഇവയെല്ലാം ഒഴിവാക്കുകയും ഇടവഴികൾ വികസിപ്പിക്കുകയും ചെയ്തെങ്കിലേ പ്രശ്ന പരിഹാരം ഒരു പരിധിവരെയെങ്കിലും സാധ്യമാകൂ.
ഇതിനുള്ള നിർദേശങ്ങൾ ഏറെയുണ്ടായെങ്കിലും നടപ്പായില്ല. ടൗണ് ഭാഗത്തേക്ക് എത്തേണ്ട ആവശ്യമില്ലാത്ത എല്ലാ വാഹനങ്ങളും നിർബന്ധമായി മല്ലപ്പള്ളി റോഡിലേക്കും കാവുംഭാഗം റോഡിലേക്കും കടക്കാനുള്ള വഴികൾ വികസിപ്പിക്കണം. നിലവിലുള്ള രണ്ട് റോഡുകളിലേക്കും മുത്തൂർ ജംഗ്ഷനിൽ നിന്നു തിരിഞ്ഞുപോകാനാകും.കുറ്റപ്പുഴയിലെത്തി റെയിൽവേ സ്റ്റേഷൻ റോഡു കൂടി പ്രയോജനപ്പെടുത്തി ടികെ റോഡിലേക്കു വാഹനങ്ങൾ കടത്തിവിട്ടാൽ ടൗണിലെ കുരുക്കും ഒഴിവാക്കാനാകും.
ഇതു സാധ്യമാകണമെങ്കിൽ റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥ മാറ്റണം. തകർന്നു കിടക്കുന്ന റെയിൽവേസ്റ്റേഷൻ റോഡിലൂടെ യാത്ര ചെയ്യാൻ വാഹന ഉടമകൾ താത്പര്യം കാട്ടുന്നില്ല. മുത്തൂരിൽ നിന്ന് ടികെ റോഡിലേക്കു കയറേണ്ട വാഹനങ്ങൾ പോലും ഇതു കാരണം ടൗണിലൂടെ വരാനാണ് ഇഷ്ടപ്പെടുന്നത്.
മുത്തൂരിലുണ്ടാകുന്ന കുരുക്ക് എംസി റോഡുവഴി കടന്നപോകുന്ന ദീർഘദൂര യാത്രക്കാർ അടക്കമുള്ളവരെ സാരമായി ബാധിക്കുന്നു. രണ്ട് മെഡിക്കൽ കോളജുകൾ അടക്കം സ്ഥിതി ചെയ്യുന്ന തിരുവല്ലയിലേക്കും വരികയും പോകുകയും ചെയ്യുന്ന ആംബുലൻസുകൾ അടക്കമാണ് ദിവസവും മുത്തൂരിൽ കുടുങ്ങിക്കിടക്കുന്നത്. രൂക്ഷമായ ഗതാഗത പ്രശ്നമാണെങ്കിലും ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ തിരുവല്ല നഗരസഭയോ ജനപ്രതിനിധികളോ സർക്കാർ വകുപ്പുകളോ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.