വടക്കാഞ്ചേരി: ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നിർമ്മിക്കാനുദ്ദേശിക്കുന്ന വ്യതിചലന റോഡിന്റെ രൂപരേഖ തീരുമാനിക്കുന്നതിനായി ഉന്നതതല സംഘം വടക്കാഞ്ചേരിയിലെത്തി സ്ഥലപരിശോധന നടത്തി.
സംസ്ഥാന പാതയിൽ പാർളിക്കാട് പത്താംകല്ല് മുസ്ലീം പള്ളിക്കു ശേഷം ആരംഭിച്ച് മംഗലം വഴി എങ്കക്കാട് കല്ലംകുണ്ട് പാലത്തിന് സമീപമെത്തി റെയിൽ പാതക്ക് സമാന്തരമായി അകമല ധർമ്മശാസ്താ ക്ഷേത്രത്തിനു മുന്‍പായി റയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിച്ച് സംസ്ഥാന ഹൈവേയിൽ എത്താവുന്ന രീതിയിലും, അകമല ഫ്ലൈവീൽ വളവിന് സമീപം വച്ച് റെയിൽപാത തുരന്ന് അടിപ്പാത നിർമിക്കുന്നതിനെ കുറിച്ചുമാണ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തിരുമാനമനുസരിച്ചാണ് പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എക്സി.എൻജിനീയർ ബിന്ദു പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം നിർദ്ദിഷ്ട പാതയിൽ പരിശോധന നടത്തിയത്.
പത്താംകല്ല് മുതൽ അകമല വരെയുള്ള പാതയിൽ ഏറ്റെടുക്കേണ്ട ഭൂമിയെ കുറിച്ചും, കെട്ടിടങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്കെച്ച് രണ്ട് ദിവസത്തിനകം നഗരസഭയക്ക് കൈമാറും.പരിശോധനയ്ക്ക് നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.ആർ.സോമനാരായണൻ, എൻ. കെ. പ്രമോദ്കുമാർ, അസി. എൻജിനീയർ മഞ്ജുഷ, ടൗണ്‍ പ്ലാനിംഗ് ഓവർസീയർ പ്രദീപ്, നഗരസഭ ഓവർസീയർ ഹാരിസ്, വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ വില്ലേജ് ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.