പുനലൂർ: പുനലൂർ പട്ടണത്തിലെ ട്രാഫിക് നിയന്ത്രണം ഇല്ലാതായതോടെ ഗതാഗതം ദുസഹമാകുന്നു. മുമ്പ് പലപ്പോഴായി നടപ്പാക്കിയ പരിഷ്കാരങ്ങൾ നിലച്ചതോടെ തോന്നുംവിധമാണ് വാഹനങ്ങളുടെ പാർക്കിങും മറ്റുകാര്യങ്ങളും.
പട്ടണത്തിൽ ആറുമാസം മുമ്പ് ഓടയുടേയും നടപ്പാതയുടേയും നിർമാണം ആരംഭിച്ചതോടെയാണ് നേരുത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ താളംതെറ്റിയത്. ടൗണിന്റെ പലഭാഗത്തുമായി ഒരേസമയം നിർമാണം നടന്നതോടെ സ്ഥലപരിമിതിയും മറ്റും കണക്കിലെടുത്ത് കാണുന്നിടത്തൊക്കെ വാഹനങ്ങൾ പാർക്ക് ചെയ്യുകയായിരുന്നു.
എന്നാൽ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും സുഗമമായ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയാറാകുന്നില്ല. ഇതുകാരണം ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും പട്ടണത്തിലെ ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. ശബരിമല സീസൺ കൂടിയായതോടെ നേരത്തെ ഉള്ളതിനെക്കാൾ കൂടുതൽ വാഹനങ്ങൾ പട്ടണത്തിലെത്തുന്നുണ്ട്.
കൃത്യമായ പാർക്കിങ് ഇല്ലാത്തതിനാൽ ഈ വാഹനങ്ങളും തോന്നുംപടി നിർത്തിയിടുന്നു. വാഹനങ്ങളിൽ ചരക്ക് കയറ്റിറക്കിന് തിരക്കുള്ള സമയത്ത് നേരത്തെ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ എപ്പോഴും വലിയവാഹനങ്ങൾ പാതയോരത്ത് മണിക്കൂറുകൾ നിർത്തിയിട്ട് ചരക്ക് കയറ്റിറക്ക് നടക്കുന്നു.
താലൂക്ക് ആശുപത്രിയടക്കം പ്രധാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തിരക്കേറിയ കച്ചേരി റോഡിൽ വാഹനങ്ങൾ തോന്നുപടി നിർത്തിയിടുന്നതിനാൽ കാൽനടപോലും ദുരിതത്തിലാണ്. പലഭാഗത്തേയും ഓട്ടോ, ടാക്സി സ്റ്റാൻറുകളും കൃത്യതയില്ലാതായി.
ഇതുപോലെ പാതയുടെ വശത്ത് നടപ്പാതക്കും പാർക്കിങിനും എടുത്തിരുന്ന സ്ഥലങ്ങൾ മിക്കയിടത്തും കച്ചവടക്കാർ കൈയേറി സാധനങ്ങൾ ഇറക്കിവെക്കുന്നതും തിരക്കിന് ഇടയാക്കുന്നു. നേരത്തെ ഉള്ള സൂചകബോർഡുകളടക്കം സ്ഥാപിച്ചുവേണം ട്രാഫിക് നടപ്പാക്കേണ്ടത്. വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് അടിയന്തിരമായി ട്രാഫിക് പരിഷ്കരണ കമ്മിറ്റി കൂടി ഗതാഗത നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.