തൃശൂർ: തൃശൂർ-കുന്നംകുളം-ഗുരുവായൂർ-പറപ്പൂർ-അടാട്ട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഗതാഗതകുരുക്കിൽ പെടുന്നതിനാൽ ട്രിപ്പുകൾ മുടക്കേണ്ട സാഹചര്യമാണെന്ന് തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കെഎസ്ആർടിസി, ദിവാൻജിമൂല, ശോഭാ സിറ്റി, കേച്ചേരി തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതകുരുക്കാണ് ഉള്ളത്.
ഇതുമൂലം അനുവദിച്ച സമയത്തിനുള്ളിൽ ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഡീസലിന്റെ അധിക ഉപയോഗം മൂലം പത്തു ലിറ്റർ മുതൽ 15 ലിറ്റർ വരെ പ്രതിദിനം ഡീസൽ ഉപയോഗം ഉയരുകയാണ്. ഇത് ബസ് സർവീസിനെ കടുത്ത സാന്പത്തിക കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ജീവനക്കാർക്ക് സമയത്തിന് വെള്ളവും ഭക്ഷണവും കഴിക്കുന്നതിനോ പ്രാഥമിക കൃത്യനിർവഹണത്തിനോ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം പൂരത്തിന്റെ വരവും ചെറുവാഹനങ്ങളുടെ വരവ് കൂടുന്നതും ബസ് സർവീസിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായിട്ടും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
പൂരത്തിന് മുന്പ് അടിയന്തിരമായി ഇടപെട്ട് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതിനെ സംബന്ധിച്ച് അസോസിയേഷൻ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.