അതിരന്പുഴ: സ്കൂൾ പരിസരത്തെ സിഗ്നൽ ബോർഡുകൾ കാട് മൂടി. സ്കൂൾ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡ് കാണാൻ സാധിക്കാത്ത അവസ്ഥയിലായതോടെ വാഹനങ്ങളും വേഗ നിയന്ത്രണം പാലിക്കാതെ കടന്നു പോവുകയാണ്. അതിരന്പുഴ പള്ളി ജംഗ്ഷനിലാണ് സ്കൂൾ മുന്നറിയിപ്പ് ബോർഡു കാട് മൂടിയത്.
പ്രദേശത്തെ നാല് സ്കുളുകളിൽ നിന്നുമായി സ്കൂൾ സമയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് ജംഗ്ഷനിലൂടെ കടന്ന് പോകുന്നത്. എന്നാൽ സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡുകൾ വാഹനങ്ങൾക്കു കാണത്തക്ക വിധം ക്രമീകരിച്ചിട്ടില്ല.
മുൻപ് ഇവിടെ റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി ഹന്പ് സ്ഥാപിച്ചിരുന്നെങ്കിലും റോഡ് പുതുക്കി പണിതപ്പോൾ അത് ഇല്ലാതായി. ഏറ്റുമാനൂർ – മെഡിക്കൽ കോളജ് പ്രധാന റോഡ് ആയതിനാൽ ഇതര സംസ്ഥാനത്തു നിന്നും ലോഡുമായി വരുന്ന വലിയ ലോറികളും, ആംബുലൻസുകളും ,നൂറ് കണക്കിന് ബസുകളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. എന്നാൽ ഇവയുടെ ഒന്നും വേഗം നിയന്ത്രിക്കാനുള്ള സംവിധാനം ഇവിടെ ഇല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റൂമാനൂരിലും പരിസര പ്രദേശങ്ങളിലും ബാലാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഏറ്റൂമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വലിയ ശബ്ദമുള്ള ഹോണുകൾ, വാഹനങ്ങൾക്കുള്ളിൽ സ്ഥാപിക്കുന്ന വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകൾ എന്നിവ പിടിച്ചെടുത്തു.സ്കൂൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ ഇവിടെ ഹോം ഗാർഡിന്റെയോ പോലീസിന്റെയോ സേവനങ്ങളുമില്ല.