കായംകുളം: മോട്ടോർ വാഹന വകുപ്പും കേരളാ റോഡ് സുരക്ഷ അഥോറിറ്റിയും കൊച്ചിൻ കലാഭവൻ താരങ്ങളുമായി സഹകരിച്ച് നടത്തുന്ന ’സഹയാത്രികർക്ക് സ്നേഹപൂർവം’ കലാ ജാഥ ജില്ലയിൽ പര്യടനം നടത്തി. സംഗീതവും ദൃശ്യാവിഷ്ക്കാരവും കോർത്തിണക്കിയാണ് കൊച്ചിൻ കലാഭവൻ താരങ്ങളുടെ നേത്വത്വത്തിലുള്ള ആർഎൻ ആർട്സ് ഹബ് റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തുന്നത്.
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത കലാ ജാഥ മലബാർ മേഖലയും മധ്യകേരളവും പിന്നിട്ട് തെക്കൻ കേരളത്തിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സഹയാത്രികർക്ക് സ്നേഹപൂർവം കലാജാഥ ഒരു ദിവസം നാലു പരിപാടി വീതം ഒരു ജില്ലയിൽ രണ്ട് ദിവസത്തെ പരിപാടിയാണ് നടത്തുന്നത്.
ആലപ്പുഴ ജില്ലയിൽ തുറവൂർ, ചേർത്തല, കലവൂർ, ആലപ്പുഴ ബീച്ച്, എടത്വാ, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കോളജുകളിലും പൊതുസ്ഥലങ്ങളിലുമാണ് പരിപാടികൾ അവതരിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗ്യചിഹ്നമായ ടിങ്കു ടൈഗർ കലാജാഥയുടെ പ്രധാന ആകർഷണമാണ്.
റോഡപകടങ്ങൾ സംഭവിക്കുന്നത് എങ്ങനെയെന്നും അതിനെ എങ്ങനെ തടയിടാമെന്നും പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്ന ഷോർട്ട് ഫിലിമുകളും പാട്ടുകളും, മിമിക്രിയും ഒന്നര മണിക്കൂർ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിപാടികളിൽ ജില്ലാ ആർടിഒ യും സേഫ് കേരളാ സംസ്ഥാന നോഡൽ ഓഫീസറും ആയ ഷിബു .കെ. ഇട്ടി, എൻഫോഴസ്മെന്റ് ആർടിഒ പി.ആർ. സുമേഷ്, ജോയിന്റ് ആർടിഒ മാരായ ജയരാജ്, വിനോദ്, അൻസാരി, സജി പ്രസാദ്, ഹരികൃഷ്ണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.