എടത്വ: അന്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ വാഹന അപകടം വർധിച്ചുവരുന്നത് തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷന്റെ മതിലിൽ അപകട മുന്നറിയിപ്പായി ചിത്രങ്ങൾ വരച്ച് എടത്വ പോലീസ്. എടത്വ പ്രിൻസിപ്പൽ എസ്ഐ സെസിൽ ക്രിസ്റ്റിൻ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുവർ ചിത്രം വരച്ച് ശ്രദ്ധ നേടിയത്. ഹെൽമെറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ഇടാതയുമുള്ള യാത്രയിലെ അപകട ദുരിതങ്ങൾ ചുവർ ചിത്രത്തിലൂടെ വരച്ചു ചേർത്തിരിക്കുന്നു.
അഞ്ച് അടി വീതിയിലും അഞ്ച് അടി ഉയരത്തിലുമുള്ള ഇരുപതോളം ചിത്രങ്ങളാണ് വരച്ചത്. ചിത്രകാരൻകൂടിയായ പ്രിൻസിപ്പൾ എസ്ഐയ്ക്ക് പുറമേ എസ്ഐ ശൈലേഷ് കുമാർ, സീനിയർ സിപിഒ ഗോപകുമാർ, സിപിഒ വിഷ്ണു എന്നിവർ ചേർന്നാണ് ചുവർചിത്രം പൂർത്തിയാക്കിയത്. സംസ്ഥാനപാതയിൽ ദിവസേന നിരവധി വാഹന അപകടങ്ങളാണ് സംഭവിക്കുന്നത്.
90 ശതമാനം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗ് മൂലമാണ് സംഭവിക്കുന്നത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ട് കാര്യമില്ല എന്നുവന്നതോടെ പ്രിൻസിപ്പൽ എസ്ഐയുടെ മനസിൽ തെളിഞ്ഞ ആശയമാണ് ചുവർ ചിത്രത്തിലൂടെ വരച്ചുകാട്ടിയത്.
ഈ ആശയത്തിന് പിന്നിൽ പച്ച ലൂർദ്ദ്മാത ആശുപത്രിയിലെ ഫാർമസിസ്റ്റ് റൂത്ത് ആണെന്ന് എസ്ഐ പറയുന്നു. റൂത്ത് ഓടിച്ചിരുന്ന സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പുതിയ ആശയത്തിന് രൂപം നൽകിയത്. ചുവർചിത്രം വരയ്ക്കാനുള്ള പെയിന്റ്, റൂത്ത് ആണ് എത്തിച്ചു നൽകിയത്.
ചിത്രം വരയ്ക്കാൻ ആരംഭിച്ചതോടെ ഒട്ടേറെ നാട്ടുകാർ പെയിന്റ് എത്തിച്ചുനൽകി. എടത്വ പോലീസിന്റെ ആശയം എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.